തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്നാണ് വി മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എഴുതി നല്‍കുന്ന കാര്യങ്ങള്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൊടുക്കാനുള്ളത് കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം സാമ്പത്തികമായി സഹായം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് കടം എടുക്കാവുന്ന പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. കിഫ്ബി വഴിയാണ് കേരളം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക സമാഹരിച്ചത്. എന്നാല്‍ കിഫ്ബി വായ്പയെടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിക്കുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.