കണ്ണൂര്‍: കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ഇത് പലരും ഏറ്റെടുക്കുന്നു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ആര്‍ക്കും ഇഷ്ടമുള്ള വസ്‌ത്രവും മാസ്കും ധരിക്കാനുള്ള സ്വാതന്ത്രത്യവും അവകാശവുമുണ്ട്. ആരുടേയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം ഗൂഢലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പാടില്ലെന്നും പോലീസ് അത് അനുവദിക്കില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. പല സ്ഥലത്തും പോലീസ് മാസ്‌കുകള്‍ അഴിപ്പിക്കുന്ന നടപടി സ്വീകരിച്ചിരുന്നു. പ്രതിപക്ഷം ഇത് ഏറ്റെടുത്ത് കടുത്ത വിമര്‍ശനവും പ്രതിഷേധവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.