വണ്ടിപെരിയാറില്‍ ഒന്നാംപ്രതി സര്‍ക്കാര്‍, പുനരന്വേഷണമാണ് വേണ്ടത് :നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: വണ്ടിപ്പെരിയറില്‍ 6 വയസുകാരി പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു..കേരള പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് മാതൃകയാണ്. പ്രതിയെ വെറുതെ വിട്ട വിധി സംഭവിക്കാന്‍ പാടില്ലാത്തതാണ്.കോടതിവിധിയെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.കേസന്വേഷണത്തില്‍ വീഴ്ച ഉണ്ടായോ എന്ന് വകുപ്പ് തലത്തില്‍ പരിശോധിക്കുന്നു.ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സംഭവം നടന്ന അന്ന് മുതല്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു,കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ശ്രമിച്ചതില്‍ പ്രതിയും ഉണ്ടായിരുന്നു.പ്രതിയെ അറിഞ്ഞിട്ടും പോലീസ് മനഃപൂര്‍വ്വം തെളിവ് നശിപ്പിച്ചു .പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും ആക്രമിക്കപ്പെട്ടു.ആക്രമിച്ചവര്‍ ഓടി കയറിയത് സിപിഎം പാര്‍ട്ടി ഓഫീസിലേക്കായിരുന്നു.ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാരിക്കുന്തവുമായി കാത്തുനില്‍ക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണ്.അട്ടപ്പാടി മധു, വാളയാര്‍ കേസുകള്‍ എന്തായി?പാര്‍ട്ടിക്കാര്‍ എത്ര ഹീന കൃത്യം ചെയ്താലും സംരക്ഷിക്കും.ഈ കേസില്‍ ഒന്നാംപ്രതി സര്‍ക്കാരാണ്.പുനരന്വേഷണം ആണ് വേണ്ടത് അപ്പീല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Top