തിരുവനന്തപുരം: നിപ വൈറസ് കാരണമുള്ള പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാംക്രമിക രോഗങ്ങളുടേയും, വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംവിധാനമാണ് നിലവില്‍ വരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി കെഎസ്ഐഡിസി ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിംഗ് നിര്‍മ്മിക്കുവാന്‍ തീരുമാനമായി. ഇതിന്റെ ശിലാസ്ഥാപനം 2018 മേയ് 30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
അന്താരാഷ്ട്ര വൈറോളജി നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടേതിന് സമാനവും ആ ശൃംഖലയില്‍പ്പെടുന്നതുമായിരിക്കും നിര്‍മ്മിക്കപ്പെടുന്ന പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും, രോഗകാരികളെ മനസ്സിലാക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും, പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് തോന്നയ്ക്കലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെടുന്നത്.