കണ്ണൂര്‍ സര്‍വ്വകലാശാലാ വിസി നിയമനം; സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിധി സര്‍ക്കാരിന് തിരിച്ചടി എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിയമപ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. പുനര്‍നിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്.

ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനര്‍ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതില്‍ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനര്‍ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ചട്ടപ്രകാരമാണെന്നും നിയമപ്രകാരമാണെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അത് പൂര്‍ണമായും സുപ്രിം കോടതിയും ശരിവെക്കുകയാണ്. സുപ്രീം കോടതി മുന്‍പാകെ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ ഒന്നാം കക്ഷിയായിരുന്നു. ഗവര്‍ണറുടേത് വിചിത്രമായ നിലപാടാണ്.

വിസി നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ചട്ട വിരുദ്ധമായി അല്ല കണ്ണൂര്‍ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാന്‍സലര്‍ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാന്‍സലറെ കുറിച്ചാണ് കോടതിയില്‍ പ്രതികൂല പരാമര്‍ശമുണ്ടായത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന് ഗവര്‍ണര്‍ ഓര്‍ക്കണം എന്നും മുഖ്യമന്ത്രി.

Top