തിരുവനന്തപുരം: ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷയ്ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെയും എസ്‌കോര്‍ട്ട് ഓഫീസര്‍ സന്ദീപിന്റെയും വീടിന് കാവല്‍ ഏര്‍പ്പെടുത്തും. ഇവര്‍ക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.
കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയില്‍ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. യൂണിഫോമില്‍ അല്ലായിരുന്ന ഗണ്‍മാന്‍ അനില്‍ പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചത് വലിയ വിവാദമായി.
പ്രവര്‍ത്തകരെ ആക്രമിച്ചവരുടെ വീടും സ്ഥലവും അറിയാമെന്നും കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാവിലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരുടെയും സുരക്ഷ വര്‍ധിപ്പിച്ചത്.