മകരവിളക്ക് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി പൊലീസ് മേധാവി നാളെ ശബരിമലയില്‍

പത്തനംതിട്ട: മകരവിളക്ക് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ ശബരിമല സന്ദര്‍ശിക്കും. രാവിലെ ഒന്‍പതു മണിക്ക് നിലയ്ക്കലില്‍ എത്തുന്ന അദ്ദേഹം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവലോകന യോഗങ്ങളിലും സംബന്ധിക്കും.

മൂന്നു കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങള്‍ അദ്ദേഹം നേരിട്ടു വിലയിരുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മകരജ്യോതി ദര്‍ശനം സുഗമാക്കാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. പാണ്ടിത്താവളം, മരാമത്ത് ബില്‍ഡിംഗിന്റെ എതിര്‍വശത്തുള്ള മൂന്ന് തട്ടുകള്‍, ബിഎസ്എന്‍എല്‍ ബില്‍ഡിംഗിന്റെ തെക്കേവശം, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, അന്നദാന മണ്ഡപത്തിന് മുന്‍വശം എന്നിങ്ങനെ പ്രധാനമായും 10 സ്ഥലങ്ങളാണ് ബാരിക്കേഡ് കെട്ടി ഒരിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകരജ്യോതി ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് വേണ്ട വെള്ളവും ലഘുഭക്ഷണവും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനായി സംഭരിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി 14,15 തിയതികളില്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഒരു ലക്ഷത്തോളം അയ്യപ്പഭക്തന്‍മാര്‍ക്ക് അന്നദാനം ഒരുക്കുവാനുള്ള സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ സൗകര്യങ്ങളാല്ലാതെ മറ്റ് വനപ്രദേശങ്ങളില്‍ കടക്കാന്‍ പാടില്ല. ഇഴജന്തുക്കള്‍, വന്യമൃഗങ്ങള്‍, വിഷച്ചെടികള്‍ എന്നിവയുടെ ശല്ല്യമുണ്ടാകാനിടയുണ്ട്. കെട്ടിടങ്ങളുടെ മുകളിലും കയറാന്‍ പാടുള്ളതല്ല. പോലീസ്, വനപാലകര്‍ ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചു കുട്ടികളും മുതിര്‍ന്ന അമ്മമാരും 14,15 തീയതികളിലെ യാത്ര ഒഴിവാക്കി 16 മുതല്‍ 20 വരെ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ ഭഗവാനെ ദര്‍ശിക്കാന്‍ എത്തുന്നതാവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

Top