ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ് തമിഴ്നാട് കേഡർ ഐ.പി.എസ് ഓഫീസറും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലുമായ സഞ്ജയ് അറോറ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താൽപര്യ പ്രകാരമാണ് സഞ്ജയ് അറോറയെ ഡൽഹി പൊലീസിന്റെ തലവനായി നിയമിച്ചിരിക്കുന്നത്. നിലവിലെ കമ്മിഷണറായ രാകേഷ് അസ്താന വിരമിച്ച ഒഴിവിലാണ് നിയമനം. 2025 ജൂലായ് 31 വരെയാണ് കാലാവധി.
ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ടിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബിരുദം നേടിയ അറോറ വീരപ്പൻ സംഘത്തിനെതിരായ ടാസ്ക് ഫോഴ്സിന്റെ ഭാഗമായിരുന്നു. 2000 മുതൽ രണ്ട് വർഷം മസൂറിയിലെ സേന അക്കാദമിയിൽ ഇൻസ്ട്രക്‌ടർ ആയിരുന്നു.
2002 മുതൽ രണ്ട് വർഷം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. വിജിലൻസ് ആൻഡ് കറപ്ഷൻ ഡെപ്യൂട്ടി ഡയറക്ടർ, എ.ഡി.ജി.പി തമിഴ്നാട് പൊലീസ് (ഓപ്പറേഷൻ), അഡ്മിനിസ്‌ട്രഷൻ എന്നീ നിലയിലും പ്രവർത്തിച്ചു. 1991ൽ എൻ.എസ്.ജിയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ബി.എസ്.എഫ്, സി.ആർ.പി.എഫ് തുടങ്ങിയ സേനകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2004ൽ സ്‌തുത്യർഹ സേവനത്തിനുളള പൊലീസ് മെഡൽ, 2014 ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, യു.എൻ സമാധാന പരിപാലന മെഡൽ, തമിഴ്നാട് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡൽ എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് അറോറ സ്വന്തമാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് തമിഴ്പുലികളുടെ ആക്രമണഭീഷണി നേരിട്ടിരുന്ന കാലഘട്ടത്തിൽ സഞ്ജയ് അറോറയുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പിന് (എസ്.എസ്.ജി) രൂപം നൽകിയിരുന്നത്..