കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനത്തിനും പരസ്യ വിഴുപ്പലക്കലുകള്‍ക്കും പിന്നാലെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍, താത്പര്യ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് ഇന്‍സമാം സ്ഥാനമൊഴിഞ്ഞതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്‍സമാമിന്റെ രാജി. 2016 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ ഇന്‍സമാം മുഖ്യ സെലക്ടറായിട്ടുണ്ട്. 2023 ഏഷ്യാ കപ്പിനു മുന്നോടിയായാണ് താരത്തെ വീണ്ടും മുഖ്യ സെലക്ടറാക്കിയത്.
ലോകകപ്പില്‍ പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആകെ 6 മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണത്തില്‍ മാത്രമേ പാകിസ്താന്‍ വിജയിച്ചിട്ടുള്ളൂ. എന്നാല്‍, ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം താത്പര്യ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് ഇന്‍സമാം സ്ഥാനമൊഴിഞ്ഞത്. നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഏജന്റായ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിക്ഷേപമുള്ളയാളാണ് ഇന്‍സമാം.
താരങ്ങള്‍ക്ക് ഏറെക്കാലമായി ശമ്പളം ലഭിക്കാത്തതില്‍ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡും പ്രതിക്കൂട്ടിലാണ്. ഇതേ തുടര്‍ന്നാണ് താരം രാജിവച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ഇന്‍സമാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചോദ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് രാജിയെന്നും കാര്യങ്ങള്‍ അറിയാതെയാണ് ആളുകള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.