തിരുവനന്തപുരം: സമൂഹ മധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ക്ലബ്ബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.
ഈ വിഷയം സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി,ജി,പി, ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമ വിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയാറാക്കി നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ ചാലിയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഐ.ടി. സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകള്‍ റദ്ദാക്കിയെന്നും സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.