സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്

Xi Jinping

ബെയ്ജിങ്: സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാന്‍ നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. രാജ്യത്തോട് വിശ്വസ്തത പുലര്‍ത്താനും തികഞ്ഞ ജാഗ്രതയോടെയിരിക്കാനും സൈനികരോട് അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഗുവാങ്ഡോങ് സൈനിക ക്യാമ്പ് സന്ദര്‍ശിച്ച ഷി ജിന്‍പിങ് സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയ്യാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചതായി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ടു ചെയ്തത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

പോരാട്ടശേഷി ഉയര്‍ത്തുന്ന നടപടികള്‍ വേഗത്തിലാക്കുക, ബഹുവിധ കഴിവുകളുളള കരുത്തുറ്റ ശക്തിയെ കെട്ടിപ്പടുക്കുക, ദ്രുതപ്രതികരണം ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് പ്രസിഡന്റ് സൈനികരെ അഭിസംബോധന ചെയ്തത്.

എന്നാല്‍ ആരെ ഉദ്ദേശിച്ചാണ് ഷി ജിന്‍പിങ് സൂചിപ്പിച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യക്ക് പുറമേ യുഎസുമായും ചൈന നല്ല ബന്ധത്തിലല്ല. ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഇന്ത്യയും ചൈനയും ഏഴാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top