സര്‍ക്കുലറില്‍ എവിടെയും ആര്‍എസ്എസിന്റെ പേര് പറയുന്നില്ല; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖാ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത ഗോപന്‍. സര്‍ക്കുലറില്‍ എവിടെയും ആര്‍എസ്എസിന്റെ പേര് പറയുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത ഗോപന്‍. ക്ഷേത്രത്തിന്റെ വിശ്വാസവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുവാനാണ് സര്‍ക്കുലറെന്നും അനന്തഗോപന്‍ വ്യക്തമാക്കി.

ഒരു സംഘടനയുടെയും പരിശീലനമോ പരിപാടികളോ ക്ഷേത്രത്തിന്റെ കണക്കില്‍ നടത്താന്‍ പാടില്ല. ഇതിനാവശ്യമായ പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ നടത്തും. അതിനുള്ള നിര്‍ദ്ദേശം മാത്രമാണ് സര്‍ക്കുലര്‍. ബിജെപി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവാദത്തില്‍ കെ അനന്ത ഗോപന്‍ വ്യക്തമാക്കി.

അതേസമയം, ക്ഷേത്രവളപ്പുകളില്‍ ആര്‍എസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. നിയമാനുസൃതമായാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. നിരോധിക്കാന്‍ വന്നാല്‍ ഒന്നിച്ചിറങ്ങി കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ നടത്തുമെന്ന് സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

Top