പൗരത്വ ഭേദഗതി നിയമം രാജ്യത്തിനു അംഗീകരിക്കാന്‍ കഴിയാത്ത കരിനിയമം ; വി ടി ബല്‍റാം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം രാജ്യത്തിനു അംഗീകരിക്കാന്‍ കഴിയാത്ത കരിനിയമമാണെന്ന് വി ടി ബല്‍റാം. ‘തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ വച്ചു മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരത്തില്‍ വരാന്‍ കഴിയുകയുള്ളു എന്ന ബോധമാണ് ഇതൊക്കെ ചെയ്യാന്‍ പ്രയരിപ്പിക്കുന്നത്. ഇത് ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ പ്രശ്‌നമല്ല. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പൗരത്വത്തിന് മതം ഒരു കാരണമായി മാറുന്നു. രാജ്യം ഇത്തരം വേര്‍തിരിവുകളെ ചെറുത്തിട്ടുള്ള നാടാണ്. ഒരു നരേന്ദ്ര മോദി വിചാരിച്ചാലും രാജ്യത്തെ വേര്‍തിരിക്കാന്‍ അനുവദിക്കില്ലായെന്നും വി ടി ബല്‍റാം പറഞ്ഞു. ഭിന്നിപ്പിലൂടെ തെരഞ്ഞെടുപ്പ് വിജയമാണ് ഉദ്ദേശമെങ്കില്‍, ആ തെരഞ്ഞെടുപ്പിലൂടെ തന്നെ നരേന്ദ്ര മോദിയെ തോല്പ്പിക്കും. നമ്മള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായി ഇടതുപക്ഷവും യുഡിഎഫും യുവജന സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സുപ്രീം കോടതി ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നതാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Top