കമ്യൂണിസ്റ്റുകളെ കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്ക് ഒരു പൊതു ധാരണയുണ്ട്. അത് അവര്‍ പിന്തുടരുന്ന കര്‍ക്കശ നിലപാടുകളിലാണ്. രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് സംഘപരിവാറുകാരെ കണ്ടാല്‍ പോലും മുഖം തിരിക്കുന്ന എത്രയോ നേതാക്കള്‍ സി.പി.എമ്മിലുണ്ട്. അതു പോലെ തന്നെ എതിരാളികള്‍ പോലും അംഗീകരിക്കുന്ന നേതാക്കളും സി.പി.എമ്മില്‍ കുറവല്ല. അത്തരമൊരു നേതാവാണ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ എ പ്രദീപ് കുമാര്‍. തുടര്‍ച്ചയായി രണ്ടു തവണ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും പ്രദീപ് കുമാര്‍ ജയിച്ചത് രാഷ്ട്രീയ എതിരാളികള്‍ പോലും വോട്ടു ചെയ്തതു കൊണ്ടാണ്.
സംഘപരിവാറുകാരുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകള്‍ക്ക് മാത്രമാണ് സി.പി.എം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും ഈ രണ്ടു മതരാഷ്ട്രവാദികളുടെ നിലപാടിനെതിരെയും കൂടുതല്‍ ശക്തമായാണ് സി.പി.എം പോര്‍മുഖം തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരുടെ വോട്ട് ലഭിച്ചാലും സ്വീകരിക്കുമെന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിന് വിരുദ്ധമായ സമീപനമാണിത്. ഈ രീതി ശക്തമായി പിന്‍തുടരുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്കു പോലും എപ്പോഴും സംവദിക്കുവാനും നേരില്‍ കാണുവാനും മലര്‍ക്കെ തുറന്നിട്ട ഒരു വീടാണ് സി.പി.എം നേതാവ് തോട്ടത്തില്‍ രവീന്ദ്രന്റേത്. അവിടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നല്ല, പാണക്കാട് തങ്ങള്‍മാര്‍ക്കും കയറി ചെല്ലാം. കാര്യങ്ങള്‍ തുറന്നു പറയാം. ഒരു വിലക്കുമുണ്ടാവില്ല.
എന്നാല്‍ ഇത്തരം സന്ദര്‍ശനങ്ങളെ രാഷ്ട്രിയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ബി.ജെ.പിയെ സംബന്ധിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലം അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം തന്നെയാണ്. 36,000 ത്തോളം വോട്ടുകള്‍ ഈ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ട്. ജനകീയനായ സ്ഥാനാര്‍ത്ഥിയെ കൂടി ലഭിച്ചാല്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി വിലയിരുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി പ്രമുഖരെ ബി.ജെ.പി നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയതും ഇതിന്റെ ഭാഗമാണ്. തോട്ടത്തില്‍ രവീന്ദ്രനെ കാണുന്നതിനായി സുരേന്ദ്രന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നത് യഥാര്‍ത്ഥത്തില്‍ രവീന്ദ്രനു പോലും അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നത്.
മനുഷ്യന്റെ മനസ്സ് അറിയാനുള്ള യന്ത്രം രവീന്ദ്രന്റെ കൈവശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ വാദത്തിനു തന്നെയാണ് ഇപ്പോഴും പ്രസക്തിയുള്ളത്. കേരളത്തിലെ ഏറ്റവും ജനകീയരായ മേയര്‍മാരില്‍ മുന്‍ നിരയിലാണ് തോട്ടത്തില്‍ രവീന്ദ്രന്റെ സ്ഥാനം. സി.പി.എം നേതാവായ ഇദ്ദേഹത്തെ സുരേന്ദ്രന്‍ ചെന്നു കണ്ടു എന്നു കരുതി കാവിയണിയുമെന്ന് ധരിച്ചവരാണ് ഇപ്പോള്‍ വിഡ്ഢികളായിരിക്കുന്നത്. ഈ ജാള്യത മറയ്ക്കാന്‍ നെറികെട്ട അപവാദ പ്രചരണങ്ങള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ നേതാക്കള്‍ക്കും പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും കാവി രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയുകയില്ല. പ്രത്യേയ ശാസ്ത്രപരമായ വിയോജിപ്പാണിത്.
കേരളത്തിലെ തെരുവില്‍ വീണ ചോര തുള്ളികള്‍ ആ പകയുടെ ആഴം വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് ഏറ്റവും അധികം സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സംഘ പരിവാറുകാരിലാണ്. അതു പോലെ തന്നെ ബി.ജെ.പിക്കും പരിവാറിനും ഏറ്റവും അധികം പ്രവര്‍ത്തകര്‍ ബലിദാനികളായതും രാഷ്ട്രീയ കേരളത്തിലാണ്. കമ്യൂണിസ്റ്റുകളുടെ രക്തത്തില്‍ അലിഞ്ഞ എതിര്‍പ്പാണ് കാവി രാഷ്ട്രീയത്തോടുള്ളത്. ഇക്കാര്യം അപവാദം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇടതുപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ ശ്രമിക്കുന്നത്. വ്യത്യസ്ത രൂപത്തിലാണ് ഇരുവിഭാഗവും ഇതിനായി പ്രചരണം നടത്തുന്നത്. ഇതോടെ ശക്തമായ മത്സരത്തിനൊത്ത് കോഴിക്കോട് നോര്‍ത്ത് മണ്ഡലവും വേദിയാകാന്‍ പോകുന്നത്.
കോണ്‍ഗ്രസ്സ് നേതാവായിരുന്ന സുജനപാല്‍ നിരവധി തവണ ജയിച്ച ഈ മണ്ഡലത്തില്‍ സി.പി.എം നേതാവ് എം ദാസനും മുന്‍പ് ചെങ്കൊടി പാറിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ എ.പ്രദീപ് കുമാര്‍ രണ്ട് തവണ വിജയിച്ചതും ഏറെ വെല്ലുവിളികള്‍ മറികടന്നാണ്. കോഴിക്കോട് നഗരത്തിലെ മധ്യ വര്‍ഗ്ഗത്തിലെ വോട്ടര്‍മാരില്‍ ആഴത്തില്‍ വേരൂന്നിയ പ്രവര്‍ത്തനമാണ് പ്രദീപ് കുമാര്‍ നടത്തിയിരുന്നത്. ഒരു കാലത്ത് ക്രിമിനലുകളുടെ താവളമായിരുന്ന ബംഗ്ലാദേശ് കോളനിയിലെ ജനങ്ങളെ പുനരധിവിസിപ്പിച്ച് ആ പ്രദേശത്തിന്റെ വികസനത്തിന് വ്യത്യസ്തങ്ങളായ പദ്ധതി നടപ്പാക്കിയതും പ്രദീപ് കുമാറാണ്. ഇതുമൂലം നഗരത്തിലെ ക്രൈമുകളെ നിയന്ത്രിക്കാനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി സാര്‍വ്വദേശീയ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് കോഴിക്കോടിന്റെ പേരെത്തിക്കാന്‍ സാധിച്ചതും പ്രദീപ് കുമാര്‍ എന്ന എം.എല്‍.എയുടെ പ്രവര്‍ത്തന മികവു മൂലമാണ്.
പ്രവാസി ജീവിതം കഴിഞ്ഞു വരുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഈ മാറ്റം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. കോഴിക്കോട് നഗരത്തെ സ്വപ്ന നഗരി എന്ന പ്രത്യാശയിലെത്തിക്കുവാനും പ്രദീപ് കുമാറിന് സാധിച്ചിട്ടുണ്ട്. പുതിയ കാലത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചതും മാതൃകയായതും ഈ മണ്ഡലമാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിനെ ഹൈടെക് ആക്കി ഉയര്‍ത്തിയത് പ്രദീപ് കുമാറിന്റെ ഇടപെടല്‍ മൂലമാണ്. അടിച്ചു പൂട്ടേണ്ടി വരുമായിരുന്ന കരപ്പറമ്പ് ഹൈസ്‌കൂളിലാകട്ടെ ഇന്ന് അഡ്മിഷനു വേണ്ടിയുള്ള വന്‍ തിരക്കാണുള്ളത്. മെഡിക്കല്‍ കോളജ് ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ നഗരത്തിലെ ഏത് സ്വകാര്യ സ്‌കൂളിനോടും മത്സരിക്കാവുന്ന വിദ്യാലയമായി മാറ്റിയതും പ്രദീപ് കുമാറാണ്.
കോഴിക്കോടിന്റെ തനിമ നില നിര്‍ത്തുന്ന വികസനം എന്ന നിലയില്‍ മിഠായിതെരുവും മാനാഞ്ചിറയും ടൗണ്‍ ഹാളിനെയും എല്ലാം മാറ്റിയെടുക്കാനും എം.എല്‍.എക്കു കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ അങ്കണവാടികള്‍ മുതല്‍, മെഡിക്കല്‍ കോളജ്, എന്‍ജിനിയറിംങ് കോളജ്, ലോകോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വ്വതല സ്പര്‍ശിയായ ഇടപെടലാണ് പ്രദീപ് കുമാര്‍ നടത്തിയിരിക്കുന്നത്. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതാകട്ടെ സംഘടനാപരമായ അനുഭവങ്ങളുമാണ്. ‘വ്യക്തിയല്ല പാര്‍ട്ടി’ എന്ന് വിശ്വസിക്കുന്നവരാണ് പ്രദീപ് കുമാറും തോട്ടത്തില്‍ രവീന്ദ്രനും എന്നതിനാല്‍ പ്രദീപ് കുമാര്‍ അവസാനിപ്പിക്കുന്നടത്ത് തുടങ്ങാന്‍ രവീന്ദ്രനും ഇനി എളുപ്പത്തില്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
പ്രദീപ് കുമാറിന്റെ പിന്‍ഗാമിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് തോട്ടത്തില്‍ രവീന്ദ്രനെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. നഗരത്തില്‍ എം.എല്‍.എയുടെ ഇടപെടല്‍ നടക്കുന്ന വേളയില്‍ നഗരത്തിന്റെ ജനകീയനായ നഗര പിതാവ് കൂടിയായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്‍.’ബാറ്റേണ്‍’ പ്രദീപ് കുമാറില്‍ നിന്നും തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റെടുക്കുമ്പോള്‍ പ്രദീപില്‍ അര്‍പ്പിച്ച അതേ വിശ്വാസം നഗരത്തിലെ വോട്ടര്‍മാര്‍ക്കുണ്ടാകും എന്നുള്ള തികഞ്ഞ പ്രതീക്ഷക്ക് അടിസ്ഥാനവും അതു തന്നെയാണ്.