ദില്ലി: നാഷണൽ ഹെറാൾഡ് ദിനപ്പത്രം പ്രവർത്തിക്കുന്ന ദില്ലിയിലെ കെട്ടിടത്തിലെ ‘യങ് ഇന്ത്യൻ’ ഓഫീസ് പരിശോധന പൂർത്തിയായ ശേഷം തുറന്നു നൽകുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. നടപടി താത്കാലികം മാത്രമാണ്. യങ് ഇന്ത്യ പ്രതിനിധികൾ വരാത്തതു കൊണ്ടാണ് പരിശോധന മാറ്റിവച്ചത്. പരിശോധന ഇന്ന് പൂർത്തിയാക്കാൻ നോക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ നാഷണൽ ഹെറാൾഡ് ഓഫീസ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെയാണ് സീൽ ചെയ്തത്. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകുമെന്നായിരുന്നു വാർത്ത. ഈ നടപടിയാണ് താത്കാലികമെന്ന് ഇഡി ഇപ്പോൾ വ്യക്തമാക്കുന്നത്.
സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാൾഡ് ദിനപ്പത്രത്തിന്റെയും യങ് ഇന്ത്യയുടെയും രേഖകള്‍ പരിശോധിച്ച എൻഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയിരുന്നു. കേസില്‍ സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയായായിരുന്നു റെയ്ഡ്.