തിരുവനന്തപുരം: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്.
ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോള്‍ അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐഎസില്‍ ചേര്‍ന്നുവെന്ന് പറയപ്പെടുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ അവരുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയാറാകണം.അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.