വിറപ്പിക്കാൻ ശ്രമിച്ചവരെ വിറപ്പിച്ചാണ് മലപ്പുറം കളക്ടർ പടിയിറങ്ങുന്നത് ! !

രു ജനകീയ കളക്ടര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ്, ജാഫര്‍ മാലിക്.പൂര്‍ണ്ണ സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം, മലപ്പുറം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നത്.

മാറി വരുന്ന ഭരണകക്ഷികള്‍ക്കു മുമ്പില്‍ മുട്ട് മടക്കി നില്‍ക്കുന്ന, കളക്ടര്‍മാര്‍ കണ്ടു പഠിക്കേണ്ടതും ഈ യുവ രക്തത്തെയാണ്.

‘ദി കിംഗ്’ സിനിമയിലെ മമ്മുട്ടിയുടെ കളക്ടര്‍ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പാണിദ്ദേഹം.

ഏത് ഉന്നതനായാലും, മുഖം നോക്കാതെ നടപടി സ്വീകരിക്കുക എന്നത്, ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശൈലിയാണ്.

പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്യം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതിനാല്‍ കാര്യങ്ങളും എളുപ്പമായി.

കളക്ടറുടെ നടപടി യുടെ ‘ചൂട്’ അനുഭവിച്ചവരില്‍, നിലമ്പൂരിലെ സ്വതന്ത്ര എം.എല്‍.എയും ഉള്‍പ്പെടുന്നുണ്ട്.

എം.എല്‍.എ തടഞ്ഞിട്ടും, ആദിവാസികള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തീകരിക്കാനായതിന്റെ അഭിമാനത്തോടെയാണ്, ജാഫര്‍ മാലിക്കിന്റെ ഇപ്പോഴത്തെ മടക്കം.

‘തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, താന്‍ അഹങ്കാരി തന്നെയാണെന്നാണ് ഈ യുവ ഐ.എ.എസുകാരന്റെ നിലപാട്. ഈ ചങ്കുറപ്പ് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് ജാഫര്‍ മാലിക് മലപ്പുറം കളക്ടറായെത്തുന്നത്. കവളപ്പാറയില്‍ 59 പേരടക്കം, 61 പേരുടെ ജീവന്‍ കവര്‍ന്ന മഹാപ്രളയ ദുരന്തത്തിനാണ് ജില്ല സാക്ഷ്യം വഹിച്ചിരുന്നത്. പ്രളയ പുനരധിവാസത്തിന്
ശക്തമായ നേതൃത്വം നല്‍കിയ കളക്ടറായിരുന്നു ജാഫര്‍ മാലിക്. ഇക്കാര്യത്തില്‍ സര്‍ക്കാറിനും ഏറെ മതിപ്പുണ്ടായിരുന്നു.

ഈ കോവിഡ് മഹാമാരിക്കാലത്ത്, ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്, പ്രതിരോധത്തില്‍ മുന്‍കരുതലെടുക്കാനും, കളക്ടറുടെ നേതൃത്വത്തിന്
കഴിഞ്ഞിട്ടുണ്ട്.

പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍, കോവിഡ് നിയന്ത്രണ വിധേയമാവുമോ എന്ന ആശങ്കപോലും, ആരോഗ്യവിദഗ്ധര്‍ക്കുണ്ടായിരുന്നു. മതമേലധ്യക്ഷന്‍മാരുമായും ,രാഷ്ട്രീയ നേതൃത്വവുമായും ചര്‍ച്ച നടത്തി, എതിര്‍പ്പുകള്‍ ഇല്ലാതാക്കിയാണ് ജില്ലയില്‍ നിയമം കളക്ടര്‍ നടപ്പാക്കിയിരുന്നത്.

ആരാധനാലയങ്ങളടക്കം അടപ്പിച്ച ശേഷം, നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് സഹായത്തോടെ, പഴുതടച്ച ജാഗ്രതയാണ് കളക്ടറുടെ നേതൃത്വത്തില്‍ പുലര്‍ത്തിയിരുന്നത്. സംസ്ഥാനത്ത് ആദ്യമായി കോവിഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ല കൂടിയാണ് മലപ്പുറം.

ആ കരുതല്‍, മലപ്പുറത്ത് രോഗ വ്യാപനം തടയുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.

പ്രവാസികള്‍ കൂട്ടത്തോടെ എത്തിയപ്പോഴും ജാഗ്രത പാലിക്കാന്‍ കഴിഞ്ഞതും മലപ്പുറത്തിന്റെ നേട്ടമാണ്.

ആര്‍ക്കും എപ്പോഴും വിളിക്കാവുന്ന ജനകീയ കളക്ടറായിരുന്നു ജാഫര്‍ മാലിക്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുമായി വിലയിരുത്തുന്ന രീതിയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നത്.

ജോലി സമയം കഴിഞ്ഞാലും, പിന്നെയും മണിക്കൂറുകള്‍ ജാഫര്‍ മാലിക് കളക്ടറേറ്റിലുണ്ടാകുമായിരുന്നു. കോവിഡ് കാലത്തിന് മുന്‍പും ഇതായിരുന്നു അവസ്ഥ.

ന്യായമായ സഹായം ആരു ചോദിച്ചാലും, അതിനായി അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അതേ സമയം നിയമവിരുദ്ധമായത് ആരു പറഞ്ഞാലും, നോ പറയാന്‍ ഒട്ടും മടികാട്ടിയിരുന്നുമില്ല.

പ്രളയ പുനരധിവാസത്തിന്, ഫെഡറല്‍ ബാങ്കിന്റെ സി.ആര്‍.എസ് ഫണ്ടില്‍ നിന്നും 34 വീടു നിര്‍മ്മിക്കാനുള്ള പദ്ധതി കൊണ്ടുവന്നത് തന്നെ ഈ കളക്ടറാണ്. വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട, മുണ്ടേരി ചളിക്കല്‍ ആദിവാസി കോളനിയിലെ 34 കുടുംബങ്ങള്‍ക്ക്, ചെമ്പന്‍കൊല്ലിയില്‍ ഐ.ടി.ഡി.പി വിലക്കുവാങ്ങിയ അഞ്ച് ഏക്കറില്‍ , ഫെഡറല്‍ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മിച്ചു നല്‍കുന്നതായിരുന്നു ഈ പദ്ധതി. വീടു നിര്‍മ്മാണം നടക്കുന്നതിനിടെ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥലത്തെത്തി വീടു പണി തടഞ്ഞതോടെയാണ് കളക്ടറും എം.എല്‍.എയും തമ്മില്‍ ഇടഞ്ഞിരുന്നത്.

കവളപ്പാറയില്‍ ദുരന്തത്തിനരയായവര്‍ക്കാണ് വീടു നല്‍കേണ്ടതെന്നും, താനറിയാതെയാണ് സ്ഥലമെടുത്തതെന്നുമായിരുന്നു എം.എല്‍.എയുടെ വാദം. കവളപ്പാറക്കാര്‍ക്ക് വീടു നല്‍കാതെ പണി തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ കവളപ്പാറക്കാരോടാണ് ആദ്യമായി വീടിന്റെ കാര്യം പറഞ്ഞതെന്നും, അവര്‍ക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ വീടുവേണമെന്ന ആവശ്യപ്പെട്ടതിനാലാണ്, ചളിക്കല്‍ കോളനിക്കാര്‍ക്ക് വീടു നല്‍കുന്നതെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയിരുന്നത്.

സ്ഥലം വാങ്ങുന്നത് പര്‍ച്ചേസ് കമ്മിറ്റി കൂടിയാണെന്നും, നിയമപ്രകാരം എം.എല്‍.എയെ അറിയിക്കേണ്ടതില്ലന്നും വിശദീകരിച്ച് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകയും ചെയ്തിരുന്നു.

പ്രളയബാധിതര്‍ക്കായി സൗജന്യമായി ലഭിച്ച ഭൂമി, സര്‍ക്കാരിനെക്കൊണ്ട് വിലക്കുവാങ്ങിക്കാന്‍ എം.എല്‍.എ നിര്‍ബന്ധിച്ചുവെന്നും, കളക്ടര്‍ തുറന്നടിക്കുകയുണ്ടായി.

സൗജന്യമായി കിട്ടിയ ഭൂമി, വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്ന്, താന്‍ തുറന്നു പറഞ്ഞതായും കളക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെയാണ് കളക്ടര്‍-എം.എല്‍.എ പോര് മൂര്‍ഛിച്ചിരുന്നത്.കളക്ടര്‍ അഹങ്കാരിയാണെന്ന് എം.എല്‍.എ പത്രസമ്മേളനം നടത്തിപറയുന്നതില്‍ വരെ, കാര്യങ്ങള്‍ എത്തി.

സ്ഥലമേറ്റെടുത്തതില്‍ അഴിമതി ആരോപിച്ച്, വിജിലന്‍സിന് അദ്ദേഹം പരാതിയും നല്‍കുകയുണ്ടായി. കളക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ്‌കൊടുക്കുമെന്നും, എം.എല്‍.എ അറിയിച്ചിരുന്നു.

എന്നാല്‍ എം.എല്‍.എ തടഞ്ഞ വീടു പണി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് പിന്നീട് പുനരാരംഭിക്കുകയാണുണ്ടായത്.

ഇനി തടയുന്നവര്‍ക്കെതിരെ, നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കവളപ്പാറയില്‍ അവശേഷിക്കുന്ന 67 കുടുംബങ്ങള്‍ക്ക്, പോത്തുകല്‍ പഞ്ചായത്തിലെ ഒമ്പതേക്കറില്‍ വീടൊരുക്കുന്നതിന് ‘ഭൂദാനം നവകേരളം’ പദ്ധതിക്കും കളക്ടര്‍ രൂപം നല്‍കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ഇതും അംഗീകരിക്കുകയുണ്ടായി.

ഭൂമിയേറ്റെടുക്കാന്‍ കാലതാമസം വരുത്താതെയാണ്, സര്‍ക്കാര്‍ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചതോടെ, ഇതിനേക്കാള്‍ കുറഞ്ഞവിലക്ക് ഭൂമി ലഭ്യമാകുമെന്ന പരാതിയുമായി, എം.എല്‍.എ വീണ്ടും രംഗത്തെത്തുകയായിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കുകയും, ഭൂമിയേറ്റെടുക്കാന്‍ പുതിയ വിജ്ഞാപനം തന്നെ ഇറക്കുകയുമുണ്ടായി.

എന്നാല്‍ ഇതുവരെ, കളക്ടറുടെ നേതൃത്വത്തില്‍ പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് അനുയോജ്യമായ ഭൂമി, ഈ പ്രദേശത്ത് ലഭ്യമായിട്ടില്ല. കവളപ്പാറക്കാരുടെ പുനരധിവാസമാകട്ടെ ത്രിശങ്കുവിലുമാണ്.ഇക്കാര്യത്തില്‍ അടിയന്തര ഇടപടലാണ് സര്‍ക്കാറിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതികത്വത്തിലും പരാതികളിലും തട്ടി, പദ്ധതികള്‍ നിലയ്ക്കരുതെന്ന അഭിപ്രായത്തിനാണ് ജനങ്ങള്‍ക്കിടയിലും മുന്‍തൂക്കം.

അതേസമയം, വ്യവസായി എം.എ യൂസഫലി, കവളപ്പാറക്കാര്‍ക്കായി പ്രഖ്യാപിച്ച, 33 വീടുകളുടെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കളക്ടറുടെ നേതൃത്വത്തിലാണ് ഇതിനായും സ്ഥലം ഏറ്റെടുത്തിരുന്നത്.

എം.എല്‍.എയുടെ ഉടക്കില്‍ ‘ഭൂദാനം നവകേരള ഗ്രാമം’ പദ്ധതി കടലാസില്‍ ഉറങ്ങുമ്പോഴാണ്, ഈ നിര്‍മ്മാണം ഇവിടെ വേഗത്തില്‍ നടക്കുന്നത്.

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായി, വാടകവീടുകളിലേക്ക് പോകാന്‍ വഴിയില്ലാത്ത കവളപ്പാറക്കാര്‍, ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്. പുനരധിവാസം നീളുന്നതിനെതിരെ കവളപ്പാറക്കാരുടെ കൂട്ടായ്മ ഹൈക്കോടതിയെയും നിലവില്‍ സമീപിച്ചിട്ടുണ്ട്.

പ്രളയത്തില്‍ പാലം ഒലിച്ചുപോയി വനത്തില്‍ ഒറ്റപ്പെട്ട,മുണ്ടേരിയിലെ ആദിവാസി കുടുംബങ്ങള്‍ക്കായി, രണ്ടാഴ്ച കൊണ്ട് തൂക്കുപാലം പണിതും, കലക്ടര്‍ നേരത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ചെറിയ വാഹനങ്ങള്‍ പോകുന്ന പാലത്തിന് എട്ടുമാസമെങ്കിലും കാത്തിരിക്കുകയും, മൂന്നു കോടി ചെലവുംവരുമെന്നുമാണ് കണക്കാക്കിയിരുന്നത്. അതുവരെ ചങ്ങാടത്തില്‍ പുഴകടക്കുന്നത് അപകടഭീതിയുണര്‍ത്തിയിരുന്നു.ഇതോടെയാണ് തൂക്കപാലമെന്ന ആശയം കളക്ടറുടെ മനസിലുദിച്ചിരുന്നത്.

രണ്ടാഴ്ചക്കകം പാലം പൂര്‍ത്തിയാക്കുമെന്ന് ജാഫര്‍ മാലിക്ക് ആദിവാസികള്‍ക്ക് ഉറപ്പും നല്‍കുകയുണ്ടായി. കളക്‌റേറ്റിലെ സഹപ്രവര്‍ത്തകരുമായി സംസാരിച്ച് പ്ലാനും തയ്യാറാക്കി. സഹായിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായാണ് സന്നദ്ധരായിരുന്നത്.

ആദ്യ ദിനം തന്നെ കളക്ടറേറ്റ് ജീവനക്കാര്‍ ഒരു ലക്ഷം രൂപയാണ് സമാഹരിച്ചത്. കളക്ടറും ജീവനക്കാരും കൈകോര്‍ത്ത് അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട്, രണ്ടാഴ്ചക്കകമാണ് പാലം പണി പൂര്‍ത്തിയാക്കിയത്. പാലം പണിക്ക് ശ്രമദാനമായി കളക്ടറും ജീവനക്കാരും മൂന്നു ദിവസം നേരിട്ട് പങ്കാളികളുമായി. വ്യത്യസ്തമായ കാഴ്ചയായിരുന്നു ഇത്.

സര്‍ക്കാരിന്റെ സഹായത്തിനായി കാത്തുനില്‍ക്കാതെ, കളക്ടറും റവന്യൂ ജീവനക്കാരും പണിത ഈ തൂക്കുപാലമാണ്, 150 ആദിവാസി കുടുംബങ്ങള്‍ക്ക് ഇന്നാശ്രയം.

മുണ്ടേരിയിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ കോളനികളിലെ ആദിവാസി കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍.

ഇവര്‍ക്കായി ചെറിയ വാഹനങ്ങള്‍പോകാനുള്ള, റോഡ് പാലത്തിനുള്ള പദ്ധതിയും കൂടി സമര്‍പ്പിച്ചാണ്, കളക്ടറിപ്പോള്‍ മലപ്പുറത്തോട് വിടപറഞ്ഞിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയിലുള്ളപ്പോയാണ് സ്ഥലമാറ്റവും കളക്ടര്‍ ജാഫര്‍ മാലിക്കിനെ തേടിയെത്തിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനമാണ് മലപ്പുറത്ത് ജാഫര്‍ മാലിക്ക് കാഴ്ചവച്ചതെന്നാണ് റവന്യൂ വകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നത്.

ജാഫര്‍ മാലിക് പെരിന്തല്‍മണ്ണ സബ് കളക്ടറായിരിക്കെയാണ്, പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ കെട്ടിയ തടയണപൊളിക്കണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. അന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജാഫര്‍ മാലിക്കിനെ, ആദിവാസികളെ ഇറക്കി തടഞ്ഞ്, തടയണ പൊളിക്കാന്‍ പാടില്ലെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് തടയണപൊളിക്കാന്‍ ജാഫര്‍മാലിക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

തുടര്‍ന്ന് അന്നത്തെ കളക്ടര്‍ അമിത് മീണ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

കളക്ടറുടെ ഉത്തരവിനെതിരെയുള്ള സ്റ്റേ റദ്ദാക്കിയതോടെ, പിന്നീട് കളക്ടറായെത്തിയ, ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തന്നെയാണ്,തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടിരുന്നത്.

ഈ നടപടിയിലുള്ള പകയും മലപ്പുറത്ത് കളക്ടര്‍ എം.എല്‍.എ പോരിന് ആക്കം കൂട്ടിയിരുന്നു. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചാല്‍ ,പണി പാളുമെന്ന് തെളിയിച്ച് കൊടുത്തിട്ട് കൂടിയാണ് ജാഫര്‍ മാലിക്കിപ്പോള്‍ മലപ്പുറത്തോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.

Express View

Top