തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളേജുകള്‍ പൂര്‍ണമായും തുറക്കും. നിലവില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. 18 മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി സമ്പൂര്‍ണ്ണ ക്ലാസ് ആരംഭിക്കും. സ്ഥാപന മേധാവികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു യോഗം ചേര്‍ന്നു.
ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തില്‍ അക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാം. ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികള്‍ക്കും അവ ഉപയോഗിക്കാന്‍ അവസരമുണ്ടാക്കണം. കോളേജുകള്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴ്‌പെട്ടു മാത്രമേ കാമ്പസുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കും. പശ്ചാത്തലസൗകര്യം, ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികള്‍ മുന്‍കൈയെടുക്കണം. നാക് മാനദണ്ഡങ്ങള്‍ പാലിക്കപെടുമെന്ന് ഉറപ്പാക്കാന്‍ നല്ല പരിശ്രമം ഉണ്ടാവണം. എ പ്ലസ് ഗ്രേഡുകള്‍തന്നെ നേടണമെന്ന നിലയ്ക്കാവണം പരിശ്രമം.
എല്ലാ കാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികള്‍ എല്ലാ കാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഈ സമിതികള്‍ നടത്തണം. ക്ലാസ് മുറികളും വിദ്യാര്‍ഥികള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വരും മുമ്പ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ ഡ്രൈവ് മികച്ച രീതിയില്‍ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഈ യത്‌നം കൂടുതല്‍ ശക്തമായി നടത്തണം.