കമ്പനികള്‍ ആവശ്യപെട്ടത് ഉയര്‍ന്ന തുക; വൈദ്യുതി വാങ്ങാനുള്ള ബോര്‍ഡിന്റെ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: പ്രതിസന്ധി ഒഴിവാക്കാനായി വൈദ്യുതി വാങ്ങാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കത്തിന് തിരിച്ചടി. 500 മെഗാവാട്ടിന്റെ ടെന്‍ഡറില്‍ പങ്കെടുത്ത രണ്ട് കമ്പനികളും ആവശ്യപ്പെടുന്നത് ഉയര്‍ന്ന തുക. അദാനി പവറും അവരുടെ പങ്കാളിയായ ഡിബി പവറും മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. മുമ്പ് ബോര്‍ഡിന് വൈദ്യുതി നല്‍കിയിരുന്ന കമ്പനികള്‍ പങ്കെടുത്തില്ല. ആവശ്യം അംഗീകരിച്ചാല്‍ വലിയ ബാധ്യതയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.

5 വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടിയുള്ള ടെണ്ടറാണ് ഇന്ന് തുറന്നത്. 25 വര്‍ഷത്തെ ദീര്‍ഘകാല കരാറിലൂടെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കിയിരുന്നത് ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ തെര്‍മല്‍, ജാമ്പുവ എന്നീ കമ്പനികളായിരുന്നു. യൂണിറ്റിന് 6 രൂപ 90 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് അദാനി പവര്‍ ടെണ്ടറില്‍ പറയുന്നത്.

ഡിബി പവര്‍ ആകട്ടെ യൂണിറ്റിന് 6 രൂപ 97 പൈസ ആവശ്യപ്പെട്ടു. ഇവരുമായി ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടത്തും. ഇതില്‍ എത്ര രൂപയ്ക്കാണ് വൈദ്യുതി നല്‍കാന്‍ തയാറാകുക എന്നതിന്റെ ആശ്രയിച്ചാകും കരാറിന്റെ ഭാവി. മുമ്പുണ്ടായിരുന്ന ദീര്‍ഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോള്‍ യൂണിറ്റിന് രണ്ട് രൂപയിലേറെ അധിക ബാധ്യത വരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. 200 മെഗാവാട്ടിന്റെ ഹ്രസ്വകാല ടെന്‍ഡര്‍ നാളെ തുറക്കും.

വ്യാഴാഴ്ചയാണ് സ്വാപ്പ് വ്യവസ്ഥയില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന്റെ ടെന്‍ഡര്‍ തുറക്കുക. പണത്തിന് പകരം വാങ്ങുന്ന വൈദ്യുതി അടുത്ത വര്‍ഷം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയാണ് സ്വാപ്പ് കരാറിന്റെ സവിശേഷത.

Top