മൈക്രോസോഫ്റ്റിന്റെ ജനപ്രിയ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പ് കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ തുടങ്ങുകയാണ് കമ്പനി. പുതിയ വേര്‍ഷനിലുള്ള ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കിടയിൽ ഇപ്പോള്‍ത്തന്നെ പ്രിയങ്കരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോസ് 11 എന്നു പേരിട്ടിരിക്കുന്ന പുതിയ അപ്‌ഡേറ്റിന് മിക്ക വിന്‍ഡോസ് 10 ഉപയോക്താക്കളും അര്‍ഹരാണ്. പുതിയ വേര്‍ഷന്‍ ഘട്ടംഘട്ടമായി നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ട അപ്‌ഡേറ്റ് പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ വിന്‍ഡോസ് 10 പിസികള്‍ക്ക് ഉടനടി ഒഎസ് നല്‍കി തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റല്‍ 7-ാം തലമുറയ്ക്കു മുന്നിലുള്ള പ്രോസസര്‍ വേര്‍ഷനുകളുള്ള പിസികള്‍ക്ക് വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യില്ലെന്ന് നേരത്തെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.
എന്നാല്‍, അത്തരം പിസികള്‍ ഉപയോഗിക്കുന്നവര്‍ക്കും വളഞ്ഞ വഴിയിലൂടെ വിന്‍ഡോസ് 11 അപ്‌ഡേറ്റ് സ്വീകരിക്കാം. ഇത്തരം കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ ക്ലീന്‍ ഇന്‍സ്‌റ്റാള്‍ ആണ് നടത്തേണ്ടത്. പക്ഷേ, ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ പിസി പ്രവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റും ഈ മേഖലയിലുള്ള ഗവേഷകരും മുന്നറിയിപ്പ് നൽകുന്നു. അങ്ങനെ വന്നാല്‍ വീണ്ടും വിന്‍ഡോസ് 10 റീഇന്‍സ്‌റ്റാള്‍ ചെയ്താല്‍ മാത്രമാണ് കംപ്യൂട്ടർ പ്രവർത്തിക്കുക. കൂടാതെ ചില ബഗുകള്‍, അപ്രതീക്ഷിത സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.
ഇതൊന്നും പ്രശ്‌നമല്ല, അപ്‌ഡേറ്റ് ചെയ്യണമെന്നാണ് തീരുമാനമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിനെറ്റ് പറയുന്നു. ഒന്നാമതായി, നിങ്ങള്‍ക്ക് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് ഇല്ലെങ്കില്‍ ഒരെണ്ണം സൃഷ്ടിക്കണം. അത് ഫ്രീ ആയി ചെയ്യാം. അതില്ലെങ്കില്‍ വിന്‍ഡോസ് 11ലെ പല ഫീച്ചറുകളും ലഭിക്കില്ല. രണ്ടാമതായി ഒഎസ് അപ്‌ഡേറ്റിനായി ആവശ്യത്തിനു ഡേറ്റ ഉള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പറയുന്നു.
ഇപ്പോള്‍ വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് കമ്പനി നല്‍കുക. ഒന്ന് വിന്‍ഡോസ് 11ലേക്ക് അപ്‌ഡേറ്റു ചെയ്യാം. രണ്ട് വിന്‍ഡോസ് 10ല്‍ തുടരാം. ചുരുക്കിപ്പറഞ്ഞാല്‍ അപ്‌ഡേറ്റു ചെയ്താല്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് തങ്ങളല്ല ഉത്തരവാദികളെന്നു പറയാതെ പറയുകയാണ് മൈക്രോസോഫ്റ്റ്.