അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ അതിന്റെ ലോ റൈഡര്‍ എസ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസിന് 14.69 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്‌സ്‌ഷോറൂം വില. ബരാക്യൂഡ സില്‍വര്‍, വിവിഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. വിവിഡ് ബ്ലാക്ക് പെയിന്റ് സ്‌കീമിനായുള്ള വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബരാക്യൂഡയുടെ വില ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഹാര്‍ലിയുടെ ‘സോഫ്‌ടെയില്‍’ സീരീസിന്റെ ഭാഗമാണ് ലോ റൈഡര്‍ എസ്. പ്രീമിയം ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1868 സിസി മില്‍വാക്കി-എയിറ്റ് 114 വി-ട്വിന്‍ എഞ്ചിന്‍ 3000 ആര്‍പിഎമ്മില്‍ 161 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. മുന്‍വശത്ത് 43 മില്ലീമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍ ഡിസ്‌ക്കും ഉപയോഗിച്ചിട്ടുണ്ട്.
308 കിലോഗ്രാം ഭാരമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ എസിന് നല്‍കിയിരിക്കുന്നതെങ്കിലും മികച്ച ബാലന്‍സിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
വിശാലമായ ഹാന്‍ഡില്‍ബാറുകള്‍ക്കൊപ്പം സിംഗിള്‍ സീറ്റിംഗാണ് ബൈക്കിന്റെ പ്രത്യേകത. എഞ്ചിന്‍ ഫിനുകളും എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും മാത്രമാണ് മോട്ടോര്‍സൈക്കിളിലെ ക്രോം ബിറ്റുകള്‍.