തേഡ് പാര്‍ട്ടി ആപ്പുകളില്‍ എളുപ്പം ലോഗിന്‍ ചെയ്യുന്നതിനും സൈന്‍ അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള്‍ ഒരുക്കുന്ന സേവനമാണ് ‘സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍’. ഈ സേവനത്തെ അടിമുടി പരിഷ്കരിക്കാനൊരുങ്ങുകയാണ് കമ്പനി. സൈന്‍ ഇന്‍ വിത്ത് ഗൂഗിളിന് പുതിയ പരിഷ്കരിച്ച മെനുവും ആധുനിക രൂപവും നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ഗൂഗിളിനെ പോലെ തന്നെ ആപ്പിളും സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ സൗകര്യം ഒരുക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാനും ലോഗിന്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ പാസ് വേഡ്, ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ നല്കി ഓരോ തവണയും വെരിഫൈ ചെയ്യണം. ഈ സേവനത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി മറച്ചുവെക്കാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ പ്രൈവറ്റ് റിലേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോഗിന്‍ ചെയ്ത സേവനത്തില്‍ നിന്നുള്ള ഇമെയിലുകള്‍ ലഭിക്കുകയും ചെയ്യും.ഇപ്പോള്‍ ഏറ്റവും ലളിതമായ ലേ ഔട്ട് ആണ് സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍ സേവനത്തിന്റെ ബാനറിന് നല്‍കിയിട്ടുള്ളത്. ഏറെകാലമായി തുടരുന്നതാണിത്. അതിനാല്‍ കാഴ്ചയില്‍ പൂര്‍ണമായും പുതുമ നല്‍കും വിധമായിരിക്കും ബാനറിന്റെ പുതിയ രൂപകല്പന. ഗൂഗിളിന്റെ മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജ് അടിസ്ഥാനമാക്കിയായിരിക്കും ഇത്.
ഒരു വെബ്സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിര്‍മിക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാന്‍ ഏറെ സഹായകമാണ് സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍ ഫീച്ചര്‍. സെക്കന്റുകള്‍ക്കുള്ളില്‍ ഏത് വെബ്സൈറ്റിലും ആപ്പിലും ഗൂഗിള്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്കാവും. ഗൂഗിളില്‍ നല്‍കിയിരിക്കുന്ന പേരും ഇമെയില്‍ അഡ്രസും മറ്റ് അവശ്യ വിവരങ്ങളും ഇതിനായി ഉപയോഗിക്കും.