നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ നേരിട്ട കനത്ത തോല്‍വിക്കുശേഷം രണ്ടര വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊതുപരിപാടിക്കെത്തിയ രാഹുല്‍ ഗാന്ധിക്ക് ഇനിയും ഒന്നും പിടികിട്ടിയിട്ടില്ല. റോഡ് ഷോ അല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്നത് ഇപ്പോഴും അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. വയനാട്ടില്‍ നടത്തിയ റോഡ് ഷോ കേരളത്തില്‍ യു.ഡി.എഫിന് ഗുണം ചെയ്തത് മതന്യൂനപക്ഷങ്ങളുടെ ആശങ്ക മുതലെടുത്തതുകൊണ്ടാണ്. ഭാവി പ്രധാനമന്ത്രിയായി കേരള ജനത രാഹുലിനെ കണ്ടതാണ് കഴിഞ്ഞ തവണത്തെ വന്‍ വിജയത്തിനു കാരണമായിരുന്നത്. ആ തരംഗത്തില്‍ 20-ല്‍ 19 സീറ്റുകളും നേടിയ യു.ഡി.എഫ് ഇത്തവണ എത്ര സീറ്റുകള്‍ നിലനിര്‍ത്തുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്.
തങ്ങള്‍ക്കു പറ്റിയ തെറ്റ് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരള ജനത തിരുത്തിക്കഴിഞ്ഞു. ഇത്തവണയും രാഹുല്‍ ലാന്‍ഡ് ചെയ്താലും കഴിഞ്ഞ തവണ നേടിയ സീറ്റുകളുടെ പകുതി പോലും നേടാന്‍ കഴിയുമോ എന്നത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തന്നെ സംശയമുള്ള കാര്യമാണ്. ഇതാണ് കേരളത്തിലെ നിലവിലെ അവസ്ഥ. 15 വര്‍ഷം എം.പിയായിരുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അമേഠി കൈവിട്ടത്. വയനാട് കൂടി കൈവിട്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ലമെന്റു തന്നെ കാണില്ലായിരുന്നു. നെഹ്റു കുടുംബത്തെ നെഞ്ചേറ്റിയ അമേഠിയിലെ രാഹുലിന്റെ തോല്‍വി വന്‍ ആഘാതമാണ് കോണ്‍ഗ്രസ്സിന് ഉണ്ടാക്കിയിരുന്നത്. ഇപ്പോഴും ആ തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസ്സ് പാഠം പഠിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. തോല്‍വിയില്‍ നിന്നും വിജയം രചിച്ച പഴയ ചരിത്രമൊക്കെ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രമാണ്. സംഘടന എന്ന രൂപത്തിലുള്ള കെട്ടുറപ്പും നഷ്ടമായിക്കഴിഞ്ഞു.
കോണ്‍ഗ്രസ്സ് നേതാക്കളെ ബി.ജെ.പി മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള സകല പ്രതിപക്ഷ പാര്‍ട്ടികളും ‘റാഞ്ചി’ കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളെ എന്താകുമെന്നത് രാഹുല്‍ ഗാന്ധിക്ക് പോലും ഉറപ്പിച്ചു പറയാന്‍ കഴിയുകയില്ല. ആ പാര്‍ട്ടിയുടെ വിശ്വാസ്യത തന്നെയാണ് നേതാക്കളായിട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നത്. അധികാര മോഹവും സമ്പത്തിനോടുള്ള ആര്‍ത്തിയുമാണ് ഖദര്‍ ധാരികളെ ഇന്നു രാജ്യത്ത് നയിക്കുന്നത്. കരുത്തുറ്റ ഒരു നേതൃത്വത്തിന്റെ അഭാവം കോണ്‍ഗ്രസ്സിനെ വല്ലാതെ ബാധിച്ചു കഴിഞ്ഞു. തോല്‍വിയില്‍ നിന്നും പാഠം പഠിക്കാന്‍ രാഹുല്‍ ഗാന്ധി പോലും ഇതുവരെ തയ്യാറായിട്ടില്ല.
2014ല്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട ബി.ജെ.പിയുടെ സ്മൃതി ഇറാനി അഞ്ചു വര്‍ഷം അമേഠി മണ്ഡലത്തില്‍ നിറഞ്ഞ് പ്രവര്‍ത്തിച്ചാണ് മണ്ഡലം പിടിച്ചെടുത്തിരുന്നത്. ഇത്തവണയും സ്മൃതിയാണ് എതിരാളിയെങ്കില്‍ രാഹുല്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്യും. പരാജയത്തിലും അമേഠിയെ കൈവിടാതിരുന്നതാണ് സ്മൃതി ഇറാനിക്ക് വിജയം എളുപ്പമാക്കിയിരുന്നത്. എന്നാല്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അമേഠിയില്‍ സജീവമാകാന്‍ ഇതുവരെയും രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. അമേഠിക്കൊപ്പം മത്സരിച്ച വയനാട്ടില്‍ വിജയിച്ചതോടെ അമേഠിയെ കൈയ്യൊഴിയുകയാണ് രാഹുല്‍ഗാന്ധി ചെയ്തിരുന്നത്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിക്കൊപ്പം ആറു കിലോമീറ്റര്‍ പദയാത്ര നടത്താനായി അദ്ദേഹം അമേഠിയില്‍ കാലു കുത്തിയിരിക്കുന്നത്. ഡി.ജെ മ്യൂസിക്കിന്റെയും വാഹനവ്യൂഹത്തിന്റെയും അകമ്പടിയോടെ നടത്തുന്ന ഈ റോഡ് ഷോയിലെ ആള്‍ക്കൂട്ടം ഒരിക്കലും വോട്ടായി മാറില്ലെന്ന രാഷ്ട്രീയത്തിലെ ബാലപാഠമെങ്കിലും രാഹുല്‍ഗാന്ധിയെ ഉപദേശകവൃന്ദം പഠിപ്പിച്ചുകൊടുക്കാന്‍ തയ്യാറാവണം. താഴെ തട്ടിലെ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്തിയും ജനങ്ങള്‍ക്കൊപ്പം നിന്നുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്.
രാഷ്ട്രീയ നിരീക്ഷകര്‍ എഴുതി തള്ളിയിടത്തു നിന്നും ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസിനെ വിജയതീരത്തെത്തിച്ച മുത്തശി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ചരിത്രമെങ്കിലും രാഹുല്‍ ഗാന്ധി ഓര്‍ക്കണമായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും പരാജയപ്പെടുകയാണ് ഉണ്ടായത്. ദേശീയതലത്തിലും കോണ്‍ഗ്രസ് ദയനീയമായി തിരിച്ചടി നേരിട്ട കാലഘട്ടമായിരുന്നു അത്. 298 സീറ്റുകളുമായി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടിയാണ് അധികാരം പിടിച്ചിരുന്നത്.
റായ്ബറേലിയില്‍ തോറ്റ ഇന്ദിരാഗാന്ധി രാഹുല്‍ഗാന്ധി ഇപ്പോള്‍ ചെയ്യുന്നതുപോലെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഒളിച്ചോടുകയല്ല അന്നു ചെയ്തത്. മറിച്ച് ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും സന്ദര്‍ശിച്ച് കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുകയാണുണ്ടായത്. തോല്‍വിയില്‍ നിന്നും പാഠം പഠിച്ച് ഇന്ദിരാഗാന്ധി വിശ്രമമില്ലാതെ ഓടിനടന്ന് പ്രവര്‍ത്തിച്ചപ്പോള്‍ 1980ലെ പൊതുതെരഞ്ഞെടുപ്പില്‍ അതിന്റെ ഫലവും രാജ്യം കണ്ടു. ഒരു കൊടുങ്കാറ്റുപോലെയാണ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയിരുന്നത്. 353 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് നേടിക്കൊടുത്ത ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രി പദത്തിലേറുകയും ചെയ്തു.
1967ല്‍ കേവലം 9 എം.എല്‍.എമാരുമായി ”മല്ലീശ്വരന്റെ ഒടിഞ്ഞവില്ലുപോലെയായിരുന്ന” കോണ്‍ഗ്രസിനെ കേരളത്തില്‍ തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് നയിച്ചത് അന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന കെ. കരുണാകരനും യുവ നേതാവായിരുന്ന എ.കെ ആന്റണിയുമായിരുന്നു. ഇഎം.എസ് സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നയിച്ചാണ് എ.കെ ആന്റണി കോണ്‍ഗ്രസിന് നഷ്ടമായ ജനപിന്തുണ വീണ്ടെടുത്ത് നല്‍കിയിരുന്നത്. കേവലം 3 വര്‍ഷങ്ങള്‍കൊണ്ട് 9ല്‍ നിന്നും 32 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് കേരളത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയുണ്ടായി. പിന്നീട് സി.പി.ഐയുമായി ചേര്‍ന്ന് ഭരണം പിടിച്ചതും ചരിത്രമാണ്.
തോല്‍വിയില്‍ നിന്നും വിജയത്തിലേക്കുള്ള ഈ പോരാട്ടത്തിന്റെ ചരിത്രം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയെങ്കിലും രാഹുല്‍ഗാന്ധിക്കു പറഞ്ഞുകൊടുത്തില്ലെങ്കില്‍ തിരിച്ചടി ഭയാനകമായിരിക്കും. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ തലയില്‍ വിരിയുന്ന ബേക്കറി കയറിയുള്ള ചായകുടി നാടകവും കടലില്‍ ചാടലുമൊന്നും പുതിയ കാലത്ത് വിലപ്പോവുകയില്ല. കോമാളിയാകരുതെന്ന് രാഹുല്‍ഗാന്ധിയോട് മുഖത്ത് നോക്കി പറയാനുള്ള ആര്‍ജ്ജവമെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം.
ഉടന്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് റോഡ് ഷോ കൊണ്ടുമാത്രം ഒരു കാര്യവുമില്ല. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് സംഘടനാസംവിധാനം മെച്ചപ്പെടുത്തുകയും സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ യു.പിയില്‍ നാണംകെട്ട പരാജയമാകും ഇനിയും ഏറ്റുവാങ്ങേണ്ടി വരിക. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് മത്സരിച്ച 117 സീറ്റുകളില്‍ കേവലം 7 ഇടത്തുമാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായതെന്ന കാര്യവും ഓര്‍ത്തു കൊള്ളണം. സമാജ്വാദി പാര്‍ട്ടിയുടെ വിജയസാധ്യതപോലും തല്ലിക്കൊഴിച്ചതും ഈ കോണ്‍ഗ്രസ് സഖ്യം തന്നെയായിരുന്നു.അതു കൊണ്ടാണ് എസ്.പി നേതാവ് അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ ഇത്തവണ അകറ്റി നിര്‍ത്തിയിരിക്കുന്നത്.
ബീഹാറില്‍ ആര്‍.ജെ.ഡിയുടെ ഭരണ സാധ്യത തകര്‍ത്തതും കോണ്‍ഗ്രസ് സഖ്യമായിരുന്നെന്നത് വിസ്മരിക്കാന്‍ കഴിയുകയില്ല. ബീഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് വിജയിച്ചിരുന്നത്.ഇതേ മഹാസഖ്യത്തില്‍ മത്സരിച്ച ഇടതുപക്ഷമാകട്ടെ 29 സീറ്റില്‍ 15 സീറ്റുകളിലും മിന്നുന്ന വിജയമാണ് നേടിയിരുന്നത്. നിധീഷ്‌കുമാറിന്റെ ജെ.ഡി.യു- ബി.ജെ.പി സഖ്യം 125 സീറ്റുമായി ബീഹാര്‍ ഭരണം പിടിച്ചപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന പ്രതിപക്ഷ മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. സഖ്യത്തിലെ വിലപേശലിലൂടെ 70 സീറ്റുകള്‍ മത്സരിക്കാന്‍ പിടിച്ചു വാങ്ങിയ കോണ്‍ഗ്രസ് കേവലം 19 സീറ്റില്‍ മാത്രം ഒതുങ്ങി പോയതാണ് ബീഹാര്‍ ഭരണം പ്രതിപക്ഷത്തിന് നഷ്ടമാകാന്‍ കാരണമായിരുന്നത്.
കോണ്‍ഗ്രസിന് വിട്ടുകൊടുത്ത സീറ്റുകളില്‍ ആര്‍.ജെ.ഡിയോ ഇടതുപക്ഷമോ മത്സരിച്ചിരുന്നെങ്കില്‍ ബീഹാര്‍ ഭരണം നിധീഷ്‌കുമാറിന് നഷ്ടമാവുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. ബീഹാറില്‍ വീണിരുന്നെങ്കില്‍ ഹിന്ദിഹൃദയഭൂമിയില്‍ അത് ബി.ജെ.പിക്ക് നേരിടേണ്ടി വരുന്ന കനത്തപരാജയവുമാകുമായിരുന്നു. ഈ നേട്ടം തല്ലിക്കൊഴിച്ചതിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് മാത്രമാണ്.
മുന്‍പ് യു.പിയില്‍ അഖിലേഷ് യാദവിന്റെ പരാജയത്തിന് കാരണമായ കോണ്‍ഗ്രസ് സഖ്യമാണ് ബീഹാറില്‍ അര്‍.ജെ.ഡിയുടെയും പരാജയത്തിന് ഇടയാക്കിയിരിക്കുന്നത്.നിലവില്‍ ദേശീയതലത്തില്‍ പല സംസ്ഥാനങ്ങളിലും സഖ്യകക്ഷികളെ ലഭിക്കാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അവകാശവാദത്തെപ്പോലും ചോദ്യം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ അസ്ഥിത്വത്തിനു നേരെയുള്ള വെല്ലുവിളികൂടി ആയാണ് മാറിയിരിക്കുന്നത്. അതും ഒരു യാഥാര്‍ത്ഥ്യമാണ്.
EXPRESS KERALA VIEW