ഗുജറാത്ത് തിരഞ്ഞെടുപ്പ് ; വോട്ടിംഗ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ്

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ടിംഗ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് രംഗത്ത്.

വോട്ടെടുപ്പ് നടക്കുന്ന പോര്‍ബന്ദര്‍, സൂറത്ത്, ജെത്പുര്‍, നവസാരി എന്നിവിടങ്ങളിലാണ് ആരോപണം ഉയര്‍ന്നത്.

പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാകുന്നതെന്നും മാറ്റിവെക്കുന്ന യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.

ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഞ്ചീനിയര്‍മാര്‍ മെഷീനുകളില്‍ പരിശോധന നടത്തി.

ആരോപണം ഉയര്‍ന്ന സ്ഥലങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇതിനിടെ, സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു.

വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് നടക്കാതെ വന്നത്.

തകരാര്‍ സംഭവിച്ച വോട്ടിംഗ് മെഷീനുകള്‍ മാറ്റിയതിനു ശേഷം പകരം മെഷീനുകള്‍ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ സാധിച്ചത്.

Top