പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യസാധ്യത അടഞ്ഞതോടെ ഇടതുപക്ഷത്തിന്റെ കാല് പിടിച്ചിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം. ഇടതുപക്ഷവുമായി സഖ്യത്തിന് തയ്യാറാണെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇടതുപക്ഷവുമായുള്ള സഖ്യസാധ്യത കോണ്‍ഗ്രസ്സ് തേടുന്നത്. എന്നാല്‍… ഇക്കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ട് വാങ്ങി വിജയിച്ച കോണ്‍ഗ്രസ്സ് എം.എല്‍.എ നേരം ഇരുട്ടി വെളുക്കുന്നതിനു മുന്‍പു തന്നെ കോണ്‍ഗ്രസ്സ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിനാല്‍ കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ പറ്റില്ലന്ന നിലപാടാണ് ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. അതു കൊണ്ടു തന്നെ, കോണ്‍ഗ്രസ്സ് ആവശ്യത്തോട് ഇതുവരെ അനുകൂലമായി ഇടതുപക്ഷം പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്താന്‍ വിശാല താല്‍പ്പര്യം മുന്‍ നിര്‍ത്തി ബംഗാളില്‍ സഹകരിക്കേണ്ട ഘട്ടംവന്നാല്‍ കര്‍ശന ഉപാധികള്‍ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തു വരുന്നുണ്ട്.
42 ലോകസഭ അംഗങ്ങള്‍ ഉള്ള ബംഗാളില്‍ കേവലം 2 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിനായി മമത ബാനര്‍ജി വാഗ്ദാനം ചെയ്തിരുന്നത്. ഇതാണ് സഖ്യ സാധ്യത അടയാന്‍ കാരണമായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് രാഹുല്‍ ഗാന്ധി പടിച്ച പണി പതിനെട്ടും നോക്കിയിട്ടും 2 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. തൃണമൂലമായി സഖ്യമില്ലാതെ തന്നെ 2 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഇടതുപക്ഷത്തിന്റെ പിന്തുണയിലാണ് 2019-ല്‍ രണ്ട് സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ 18 സീറ്റുകള്‍ നേടി വലിയ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയിരുന്നത്.
മുകള്‍ റോയ് ഉള്‍പ്പെടെയുള്ള തുണമൂല്‍ നേതാക്കള്‍ ബി.ജെ.പി പാളയത്തില്‍ എത്തിയതും തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതുമാണ് ബി.ജെ.പിക്ക് നേട്ടമായിരുന്നത്.എന്നാല്‍ 2024-ല്‍ എത്തുമ്പോള്‍ സ്ഥിതി അതല്ല. ബി.ജെ.പിയില്‍ ചേക്കേറിയ വിഭാഗങ്ങള്‍ ഏറെക്കുറേ ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ്. മമത സര്‍ക്കാറിനെതിരായ ജനരോഷവും ഇപ്പോള്‍ ബംഗാളില്‍ കൂടുതല്‍ ശക്തമാണ്. ചാരത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ‘ഫീനിക്സ് പക്ഷിയെ’ പോലെയാണ് ബംഗാളില്‍ ഇടതുപക്ഷം കരുത്താര്‍ജിച്ചിരിക്കുന്നത്. ജനുവരി ഏഴിന് ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ റാലി തന്നെ ഇടതുപക്ഷത്തിന്റെ ജനസ്വാധീനത്തിന്റെ പ്രകടമായ ഉദാഹരണമാണ്. 10 ലക്ഷത്തിലധികം പേരെയാണ് ഡി.വൈ.എഫ്.ഐയ്ക്ക് മാത്രമായി കൊല്‍ക്കത്തയില്‍ അണിനിരത്താന്‍ കഴിഞ്ഞിരിക്കുന്നത്.
സി.പി.എമ്മിന്റെയും സി.പി. ഐയുടെയും ഉള്‍പ്പെടെ സകല സംഘടനാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ ഇതിലും വലിയ ജനമുന്നേറ്റമാണ് ബംഗാളില്‍ സാധ്യമാകുക. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മാത്രമല്ല ബി.ജെ.പിയുടെയും കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന കണക്കുകളാണിത്. പത്തുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബ്രിഗേഡ് ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനാണ് തിരികൊളുത്തിയിരിക്കുന്നത്. മമത – മോദി സര്‍ക്കാറുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഇന്‍സാഫ് യാത്രയാണ് 50 ദിവസത്തെ പര്യടനത്തിനു ശേഷം ഏഴ് കൂറ്റന്‍ റാലികളോടെ ബ്രിഗേഡ് ഗ്രൗണ്ടില്‍ സംഗമിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യം നല്‍കിയ റാലികൂടി ആയിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.
ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ബംഗാളിലുണ്ടായാല്‍ ഇത്തവണ തീര്‍ച്ചയായും ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിനു കഴിയും. ഗ്രൗണ്ട് റിയാലിറ്റിയും അതു തന്നെയാണ്. ഇടതുപക്ഷത്തിനുള്ള ഈ സാധ്യതയുടെ പങ്ക് പറ്റാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ബംഗാള്‍ ഘടകം ശ്രമിക്കുന്നത്. ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ച രാഹുല്‍ഗാന്ധിയാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉള്‍പ്പെടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് രാഹുല്‍ ഗാന്ധി മമതയുമായി അടുക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ,ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടക്കും മുന്‍പ് തന്നെ ഈ സഖ്യസാധ്യത മമത തന്നെ അടച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണിത്.
ഇടതുപക്ഷം കൂടി വാതില്‍ കൊട്ടി അടച്ചാല്‍, ബംഗാളിലെ കോണ്‍ഗ്രസ്സാണ് അതോടെ ത്രിശങ്കുവിലാകുക. കെ.സി വേണു ഗോപാലിന്റെ തന്ത്രത്തില്‍ വിശ്വസിച്ച രാഹുല്‍ ഗാന്ധിയും രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച കോണ്‍ഗ്രസ്സ് നേതാക്കളുടെയും, കണക്കു കൂട്ടലുകളാണ് ബംഗാളില്‍ പിഴച്ചിരിക്കുന്നത്. ഇനി ഭാരത് ജോഡോ ന്യായ് യാത്ര, ബംഗാളില്‍ എത്ര ദിവസം പര്യടനം നടത്തിയിട്ടും ഒരു കാര്യവും ഉണ്ടാകുകയില്ല. മമത ഭരണകൂടത്തിനെ വിമര്‍ശിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയുകയില്ല. ചുരുക്കി പറഞ്ഞാല്‍ നനഞ്ഞ പടക്കമായാണ് കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍ മാറാന്‍ പോകുന്നത്. ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതില്‍ കെ.സി വേണുഗോപാലിനെതിരെ ബംഗാള്‍ കോണ്‍ഗ്രസ്സിലും പ്രതിഷേധം ശക്തമാണ്.
EXPRESS KERALA VIEW