ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ചികിത്സാ നിരക്കിനെ ചൊല്ലി തര്‍ക്കം

ayushman-bharath

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ചികിത്സാ നിരക്കിനെ ചൊല്ലി തര്‍ക്കം. ചികില്‍സാ നിരക്കുകള്‍ കൂട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ പദ്ധതി നടപ്പിലാക്കും മുന്‍പേ തന്നെ പദ്ധതിയുടെ പേരില്‍ പ്രതിഷേധം മുറുകുകയാണ്.

പത്തുകോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികില്‍സാ സഹായം ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിരക്കുകളില്‍ വര്‍ധന വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം. തുച്ഛമായ നിരക്കുകള്‍ ചികില്‍സയുടെ നിലവാരം കുറയ്ക്കുമെന്നും ഐ.എം.എ ദേശീയ നേതൃത്വം ആരോപിച്ചു.

എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭം തടയുകയാണ് ആയുഷ്മാന്‍ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമ്പത്‌കോടി ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന ആയുഷ് ഭാരത് പദ്ധതിയില്‍ നിരവധി പാളിച്ചകളുണ്ടെന്നാണ് ഐഎംഎയുടെ വാദം. ആശുപത്രികളെ തിരഞ്ഞെടുക്കുന്ന രീതിയില്‍ സുതാര്യത കൊണ്ടുവരണം. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് മാതൃകയിലും അപാകതയുണ്ട്. ചികിത്സക്ക് നിശ്ചയിച്ച തുച്ഛമായ നിരക്കുകള്‍ ആരോഗ്യമേഖലയുടെ നിലവാരം കുറക്കുമെന്നും ഐഎംഎ പറയുന്നു.

ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് നിശ്ചയിച്ച 30 ശതമാനം കമ്മീഷന്‍ പകുതിയായി കുറയ്ക്കണമെന്നും ഇന്ത്യന് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഐ.എം.എ നീതി ആയോഗുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഫലം കണ്ടില്ല. മെഡിക്കല്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിനോടൊപ്പം ആയുഷ് ഭാരത് പദ്ധതിയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടാനാണ് സംഘടനയുടെ തീരുമാനം.

Top