മാധ്യമങ്ങള്‍ക്ക് വിലക്കില്ല; വിവാദ ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്.

സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. നവംബര്‍ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് ഇറക്കിയ ഉത്തരവായിരുന്നു വിവാദത്തിലായത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാദ്ധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമര്‍ശം.

പിന്നീട് കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവില്‍ ഈ പരാമര്‍ശങ്ങള്‍ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളില്‍ നേതാക്കള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അറിയിപ്പ് പി.ആര്‍.ഡി വഴി മാത്രമേ നല്‍കാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാദ്ധ്യമങ്ങളെയും വിവരങ്ങള്‍ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങള്‍ എടുക്കണമെങ്കില്‍ പി.ആര്‍.ഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകള്‍ വഴി നേരിട്ട് തന്നെ മാദ്ധ്യമങ്ങള്‍ക്ക് അനുമതി തേടാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

മാദ്ധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ വിവിധ ഹാളുകളിലേക്ക് പ്രവേശിക്കുന്നത് പി.ആര്‍.ഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലും സെക്രട്ടേറിയേറ്റിലെ വിവിധ ബ്ലോക്കുകളില്‍ പ്രതികരണങ്ങള്‍ക്കായി പ്രത്യേക മീഡിയാ കോര്‍ണറുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉത്തരവ് മുന്നോട്ട് വയ്ക്കുന്നു.

സര്‍ക്കാരിന്റെ മാദ്ധ്യമനിയന്ത്രണത്തിനെതിരെ പ്രതിപക്ഷവും പത്രപ്രവര്‍ത്തക യൂണിയനുമെല്ലാം ശക്തമായി പ്രതിഷേധിച്ചിരുന്നു. വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Top