മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കായ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന് പിന്തുണയുമായി സിപിഎം.
കക്കാടംപൊയിലില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പാര്‍ക്ക് സഹായിച്ചെന്നുമുള്ള വിലയിരുത്തലിലാണ് പ്രാദേശിക സിപിഎം നേതൃത്വം.
ഇതുസംബന്ധിച്ചു കൂടരഞ്ഞി ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിക്കു റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍, നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു.
മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്.
മാത്രമല്ല, റൈഡുകളുടെ സുരക്ഷയെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി.
അതേസമയം, പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയോടെയാണ് പി.വി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.
പഞ്ചായത്തിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ ഈ ന്യായീകരണങ്ങള്‍ പൊളിഞ്ഞു.