The Controversy to target chief minister, ‘conspiracy going on behind the scenes

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെ ‘ടാർഗറ്റ് ‘ ചെയ്ത് നടക്കുന്ന പ്രചരണം ആസൂത്രിതം ?

ജിഷ്ണു പ്രണോയിയുടെ മുഴുവൻ ഘാതകരെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയുടെ നേതൃത്വത്തിൽ കുടുംബമൊന്നാകെ നിരാഹാര സമരത്തിനിറങ്ങിയതോടെ സംഘടിതമായി മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപിക്കുകയാണ്.

പ്രതിപക്ഷത്തിന് പുറമെ ചില ‘നിക്ഷിപ്ത’ താൽപര്യക്കാരും ഇപ്പോൾ പിണറായിക്കെതിരെ അണിയറയിൽ ചരട് വലി തുടങ്ങിയിട്ടുണ്ട്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, വി എസ് അച്ചുതാനന്ദൻ ,സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ ഈ വിഷയത്തിലെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ‘ഒരു വിഭാഗം’ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്.

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയില്ലങ്കിൽ ചുരുങ്ങിയ പക്ഷം ആഭ്യന്തര വകുപ്പെങ്കിലും മാറ്റിക്കണമെന്ന വാശിയിലാണ് ഈ ‘ഹിഡൻ ‘ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നതത്രെ.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത നാൾ മുതൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന കർക്കശ നിലപാട് സ്വീകരിച്ചതും ഇതിന്റെ ഫലമായി ബന്ധുനിയമനത്തിൽപ്പെട്ട് മന്ത്രി ഇ പി ജയരാജന് രാജിവയ്ക്കേണ്ടി വന്നതും വിജിലൻസ് ഇടപെടലിനെ തുടർന്ന് പ്രതിപക്ഷത്തിനും ഉന്നത ഉദ്യോഗസ്ഥർക്കുമെല്ലാം ഉറക്കം നഷ്ടപ്പെട്ടതിനുമെല്ലാം ഈ വിഭാഗം ഇപ്പോൾ പക വീട്ടാൻ ശ്രമിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞകാല ഇടത് സർക്കാറിൽ നിന്നും വ്യത്യസ്തമായി നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും ഒരു തരം ഇടപെടലും ഭരണ തലത്തിൽ അനുവദിക്കില്ലന്ന പിണറായിയുടെ കർക്കശ നിലപാടും പലരുടെയും ‘സ്വപ്നങ്ങൾ ‘ തകർക്കാൻ കാരണമായിരുന്നു.

പിണറായിക്ക് പാർട്ടിക്കകത്തും സർക്കാറിലും ശക്തമായ പിൻബലമുള്ളതിനാലും മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലും വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്തി സമ്മർദ്ദത്തിലാക്കുക എന്നതാണ് തന്ത്രമത്രെ.

ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് നടപടി ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിൻബലം നൽകുന്ന പ്രതികരണമാണ് വി എസിന്റെയും എംഎ ബേബിയുടെയും ഏറ്റവും ഒടുവിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെ സിപിഎം പിബി അംഗമായ എംഎ ബേബി തള്ളിക്കളഞ്ഞതും അതിന് പിണറായി നൽകിയ മറുപടിയും സിപിഎം പ്രവർത്തകരെയും നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്.

ഒടുവിൽ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ മുഖ്യമന്ത്രിയുടെ നിലപാടുകളെ പിന്തുണച്ചും പൊലീസിനെ ന്യായീകരിച്ചും രംഗത്തുവന്നിട്ടുണ്ടെങ്കിലും പൊലീസിനെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പിന്നീട് രംഗത്തുവന്നു. ഈ വിഷയത്തിൽ സിപിഎമ്മിനകത്തെ ഭിന്നത തുറന്നു കാട്ടുന്നതാണ് ഈ അഭിപ്രായപ്രകടനങ്ങൾ.

എല്ലാത്തിനുമുള്ള മറുപടിയായി ജിഷ്ണുവിന്റെ അമ്മക്കെതിരെ പരാമർശം നടത്തിയ മന്ത്രി എം എം മണിയുടെ പ്രതികരണമാകട്ടെ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യവുമായി.

എല്ലാ പ്രതികളെയും പിടിച്ചിട്ടു വന്നാ മതി എന്ന് മുഖ്യമന്ത്രിയോട് മഹിജ പറഞ്ഞത് ചൂണ്ടി കാട്ടിയ എം എം മണി ഈ സ്ഥിതിയിൽ മുഖ്യമന്ത്രി കാണാൻ ചെല്ലുമ്പോൾ അവർ കതകടച്ചാൽ അത് വേറെ പണിയാകുമെന്നായിരുന്നു പ്രതികരിച്ചത്.

മഹിജ യുഡിഎഫിന്റെയും ബി ജെ പിയുടെയും കയ്യിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മണിയുടെ ഈ അനവസരത്തിലുള്ള പ്രതികരണത്തിനും വിമർശനം ഏറ്റുവാങ്ങുന്നത് ഇപ്പോൾ മുഖ്യമന്ത്രിയാണ്.

മുൻപും സർക്കാറിനെ വിമർശിച്ച ചരിത്രമുള്ള വി എസിനെ മാറ്റി നിർത്തിയാൽ ബേബിയുടേയും മേഴ്സിക്കുട്ടിയമ്മയുടേയും പ്രതികരണം അസ്വാഭാവികത ഉയർത്തുന്നത് തന്നെയാണ്. പ്രത്യേകിച്ച് ബേബിയുടെ.

അതേ സമയം സിപിഎം ശക്തികേന്ദ്രമായ വളയത്ത് നിന്ന് പാർട്ടി കുടുംബമായ ജിഷ്ണു പ്രണോയിയുടെ കുടുംബം ഇപ്പോൾ തലസ്ഥാനത്ത് എത്തി സർക്കാറിനും പാർട്ടിക്കും പ്രതിസന്ധി സൃഷ്ടിച്ചതിൽ കോഴിക്കോട് ജില്ലയിലെ പാർട്ടി നേതൃത്വത്തിനും ഒഴിഞ്ഞ് മാറാൻ കഴിയില്ലന്ന അഭിപ്രായം സി പി എമ്മിനകത്ത് തന്നെ ഉയർന്നിട്ടുണ്ട്.

തുടക്കത്തിൽ വന്ന വീഴ്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജിഷ്ണുവിന്റെ വീട്ടുകാർക്ക് കൂടി സ്വീകാര്യയായ എ എസ് പിക്ക് അന്വേഷണ ചുമതല നൽകിയതും കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവന്നതും സഹായധനമായി 10 ലക്ഷം രൂപ നൽകിയതും അവർ ആവശ്യപ്പെട്ട അഭിഭാഷകനെ സ്പെഷ്യൽ പോസിക്യൂട്ടറായി നിയമിച്ചതുമെല്ലാം സർക്കാർ സ്വീകരിച്ച നടപടിയായിരിക്കെ എന്തിനാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഈ ഘട്ടത്തിൽ നിരാഹാരത്തിലേക്ക് പോയതെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്.

പാർട്ടി കുടുംബമായിട്ടും പാർട്ടി പത്രത്തിന്റെ ലേഖകനായിരുന്ന സഖാവ് ആ കുടുംബത്തിലുണ്ടായിട്ടും രാഷ്ട്രീയ എതിരാളികളുടെ ‘കൈകളിലേക്ക് ‘ ജിഷ്ണുവിന്റെ കുടുംബത്തെ വിട്ടുകൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ചത് പിഴവാണോ അതോ ‘ബോധപൂർച്ച ‘മാണോ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.

സർക്കാറിനെതിരെയല്ല സമരമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടത് ഭരണത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി പോയാൽ അത് പിണറായി നേതൃത്വം കൊടുക്കുന്ന പൊലീസിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്നത് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

അത് കൊണ്ടു തന്നെയാണ് ചില ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിക്ക് രംഗത്ത് വരേണ്ടിവന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പിണറായി ഇപ്പോൾ ചൂണ്ടിക്കാട്ടിയ വ്യക്തികൾക്കും അപ്പുറം വ്യക്തമായ ഒരു ‘തിരക്കഥ’ ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന സംശയത്തിന് ഉത്തരം മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിനുള്ള വിലയിരുത്തലാവുമെന്ന മുൻ പ്രസ്താവന കോടിയേരി പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധമായ അലയൊലികൾ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമായിരിക്കും യഥാർത്ഥത്തിൽ ഉയരുകയത്രെ.

Top