കൊച്ചി: എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പ്പറേഷന്‍. രാജ്യഭക്തിയുള്ളത് കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മാനെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്റെ തീരുമാനം.
ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ പാത നിര്‍മിക്കുക എന്നതിന് പിന്നില്‍ രാജര്‍ഷി രാമവര്‍മ്മയുടെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയര്‍ വ്യക്തമാക്കി.
കൊച്ചി കോര്‍പറേഷനില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് എറണാകുളം സൗത്ത് സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മാണം യാഥാര്‍ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മന്‍ രാജാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കോര്‍പറേഷന്‍ പേരുമാറ്റം നിര്‍ദേശിച്ചിരിക്കുന്നത്.