കൊച്ചി: നഗരസഭാ പരിധിയിലെ ആയിരത്തോളം ഹോട്ടലുകൾ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷൻ നിലപാട് കടുപ്പിച്ചതോടെയാണ് തീരുമാനം. വെള്ളക്കെട്ടിന് കാരണം കാനകളിൽ കെട്ടിക്കിടക്കുന്ന ഹോട്ടൽ മാലിന്യമാണെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് ഹോട്ടലുകൾക്ക് കോർപറേഷന്റെ പിടി വീണത്. പിന്നാലെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ നിർബന്ധിതരായി. വെള്ളക്കെട്ട് പ്രശ്നത്തെ തുടർന്ന് കോർപറേഷൻ കൊച്ചിയിലെ അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചിരുന്നു. ഇവയിൽ ഒന്ന് മാലിന്യ പ്ലാന്റ് സ്ഥാപിച്ചു. മലിന ജലം ശുദ്ധീകരിച്ച് മാലിന്യം വേർതിരിക്കുന്നതാണ് പ്ലാന്റ്. ഇതിലൂടെ പുറത്ത് വരുന്ന വെള്ളം മാത്രമേ കാനയിലെത്തൂ. സമാനമായ നിലയിൽ പ്ലാന്റുകൾ മറ്റ് ഹോട്ടലുകളിലും സ്ഥാപിക്കും.
അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഹോട്ടലുകളിലെ സ്ഥല സൗകര്യം, സീറ്റുകളുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് പ്ലാന്റിന്റെ വലിപ്പം തീരുമാനിക്കുക. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. അടുത്ത മാർച്ചിലാണ് കോർപ്പറേഷൻ ലൈസൻസ് നടപടികൾ തുടങ്ങുക. ഇതിന് മുൻപ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് ഹോട്ടലുടമകളുടെ തീരുമാനം.