ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ദില്ലിയിൽ സുരക്ഷ ശക്തമാക്കി. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദില്ലിയിൽ ഒരുക്കം പൂർത്തിയായി. കർത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്, അഗ്നിശമന സേനാംഗങ്ങൾക്കുള്ള മെഡൽ അഞ്ചു മലയാളി ഉദ്യോഗസ്ഥർക്കാണ് പ്രഖ്യാപിച്ചത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുൾപ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ദില്ലിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർത്തവ്യപഥിന്റേയും പുതിയ പാർലമെന്റ് മന്ദിരത്തിന്റേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.