ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നോട്ടു നിരോധനമാണ്. ആദായ നികുതി വ്യവസ്ഥകള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ജിഎസ്ടി വന്നതെന്നും സ്വാമി പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്. പിന്നീട് എല്ലാ വര്‍ഷവും ഇത് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ തകര്‍ച്ച പൂര്‍ണമായെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകളെല്ലാം വിതരണക്കാരെ സഹായിക്കുന്നത് മാത്രമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.