ന്യൂഡല്‍ഹി: കൊലപാതകകേസില്‍ ജയിലില്‍ കഴിയുന്ന ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി.
രാംപാലിന്റെ അനുയായികള്‍ 2006ല്‍ റോഹ്തകില്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് വിധി പ്രസ്താവം.
ഹിസാറിലെ കോടതിയാണ് കേസ് പരിഗണിച്ചത്. കൊലപാതക കേസില്‍ 2014 നവംബര്‍ 18നാണ് സന്ത് രാംപാല്‍ അറസ്റ്റിലാവുന്നത്.
ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അനുയായികള്‍ രണ്ടാഴ്ചയിലേക്കാണ് നടപടിക്രമങ്ങള്‍ തടഞ്ഞത്. റോഡിലും റെയില്‍വേ ട്രാക്കിലും കിടന്നും മനുഷ്യചങ്ങല തീര്‍ത്തുമാണ് ഇവര്‍ ഹിസാറിലെ ആശ്രമത്തിലേക്ക് പൊലീസിനെ കയറ്റാതെ നോക്കിയത്.
ആറുപേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് ആശ്രമത്തിനുള്ളിലേക്ക് ഇരച്ചുകയറി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
2014 ജൂലൈയില്‍ ഹിസാര്‍ കോടതിയില്‍ രാംപാലിനെതിരായ വാദം കേള്‍ക്കുമ്പോള്‍ അനുയായികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് 42 തവണയാണ് രാംപാല്‍ അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ടത്.