ന്യൂഡല്‍ഹി: ജഡ്ജിമാര്‍ മനുഷ്യര്‍ തന്നെയാണെന്നും അവരെയും രാഷ്ട്രീയവും ആനുകാലികസംഭവങ്ങളും സ്വാധീനിച്ചേക്കാമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍. വിരമിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജഡ്ജിമാര്‍ക്ക് നേരിട്ട് രാഷ്ട്രീയസമ്മര്‍ദമില്ലെന്നും എന്നാല്‍, ചില പരോക്ഷ മാര്‍ഗങ്ങളിലൂടെ അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘എല്ലാക്കാലത്തും ഇങ്ങനെയുണ്ടായിട്ടുണ്ട്. അതിപ്പോള്‍ കൂടുതലാണോ കുറവാണോ എന്നു പറയുക സാധ്യമല്ല. ഒരിക്കല്‍ സ്ഥാനമേറ്റെടുത്താല്‍ മുന്‍കാല ബന്ധങ്ങളോ താല്‍പര്യങ്ങളോ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ പാടില്ല’ അദ്ദേഹം പറയുന്നു.
‘എല്ലാ രാജ്യവും സര്‍ക്കാരാണ് ഭരിക്കുന്നത്, ജുഡീഷ്യറിയല്ല. ഭരണഘടനയ്ക്കുവിധേയമാണ് എല്ലാം. എന്നാല്‍, അവസാന തീരുമാനം സര്‍ക്കാരിന്റേതാണ്. ജഡ്ജിമാരുടെ നിയമനത്തിലും സര്‍ക്കാരിനെ മാറ്റിനിര്‍ത്താനാവില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.