ബാംഗ്ലൂര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കി കോടതി. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികള്‍ക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി തള്ളിയത്. നിയമത്തിന്റെ ദുരുപയോഗമായി കോടതി പരാതിയെ വിലയിരുത്തുകയും ചെയ്തു. ആറ് വര്‍ഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ചാണ് ബെംഗളൂരു യുവാവിനെതിരെ യുവതിരണ്ട് ക്രിമിനല്‍ കേസുകള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വര്‍ഷമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നു. പരാതിയില്‍ എല്ലാ വിശദാംശങ്ങളുമുണ്ട്. 2019 ഡിസംബര്‍ 27 മുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. 6 വര്‍ഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്.
2021 മാര്‍ച്ച് 8നാണ് വഞ്ചന, ഭീഷണിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരോപിച്ച് ബംഗളൂരു സിറ്റിയിലെ ഇന്ദിരാനഗര്‍ പൊലീസിലും ദാവന്‍ഗരെയിലെ വനിതാ പൊലീസിലുമാണ് യുവതി പരാതി നല്‍കിയത്. ഇരുവരുടെയും ബന്ധം, ഒന്നും രണ്ടുമല്ല, ആറുവര്‍ഷമാണ് നീണ്ടുനിന്നത്. അതുകൊണ്ടുതന്നെ ഐപിസി സെക്ഷന്‍ 376 പ്രകാരമുള്ള ബലാത്സംഗക്കുറ്റമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു. പരാതിക്കാരി 2013ല്‍ ഫെയ്സ്ബുക്ക് വഴിയാണ് യുവാവുമായി സൗഹൃദത്തിലായത്. നല്ല പാചകക്കാരനാണെന്ന് പറഞ്ഞ് യുവതിയെ ഇയാള്‍ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ഭക്ഷണം തയ്യാറാക്കുകയും ബിയര്‍ കുടിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നുവെന്നും പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വാദം. പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.