അഞ്ച് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ ഉടന്‍ കണ്ടെത്തണമെന്ന് കോടതിവിധി

court

മുംബൈ : അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുട്ടിയെ ഇതു വരെയും കണ്ടെത്താത്ത സാഹചര്യത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ബോംബെ ഹൈക്കോടതി.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് എട്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ഈ മാസത്തിനകം തീരുമാനമായില്ലെങ്കില്‍ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

ഈ മാസം 30നകം തന്നെ നടപടിയുണ്ടാകണമെന്നും ജസ്റ്റിസുമാരായ എസ്.സി.ധര്‍മദിക്കാരി, ഭാരതി ദാംഗ്‌രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന പൊലീസിന്റെ വാദം തള്ളിയാണ് കോടതിയുടെ നിര്‍ദേശം.

പെണ്‍കുട്ടിയെ അന്വേക്ഷിക്കാവുന്നയിടങ്ങളിലെല്ലാം അന്വേഷിച്ചെന്നും, എന്നാല്‍ ഇനി കണ്ടെത്തുക അസംഭവ്യമാണെന്നും, സാധ്യമായതെല്ലാം ചെയ്‌തെന്നും, എല്ലാ വഴികളും അടഞ്ഞെന്നും കാണിച്ചായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

അതേസമയം, നിര്‍മാണ മേഖലയിലും വീട്ടുജോലിക്കാര്‍ക്കിടയിലും മത്സ്യബന്ധനമേഖലയിലും അനധികൃത വാറ്റുകേന്ദ്രങ്ങളിലും വാഹന ഗ്യാരേജുകളിലും പൊലീസ് അന്വേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

കാണാതാകുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ഇത്തരം മേഖലകളിലേക്കാണ് എത്തപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി.

Top