കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു.
അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുന്‍പ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. കേസില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അതേസമയം, അഞ്ചു വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി.
പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു