ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും. മന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.
17 മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.
അതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.