കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ അന്ത്യശാസനം നല്‍കിയിട്ടും ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാത്തതില്‍ സുപ്രിംകോടതി നാളെ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ നടപടി തുടങ്ങിയെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ കോടതി തൃപ്തിപ്പെടുമോ എന്നും നാളെ അറിയാം.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച്ചക്കകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാല്‍ കോടതി ഉത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറ് പേജുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി, പൊളിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണിയും ഹാജരാകും.
അതേസമയം, ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹര്‍ജിയും സംസ്ഥാന സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മാതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പരിസ്ഥിതി സംഘടന നല്‍കിയ കത്തും കോടതിയുടെ ശ്രദ്ധയില്‍ വന്നേക്കും.