മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

കോഴിക്കോട്: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്ത്. ദേവികുളം സബ്കളക്ടറെ മാറ്റാനായി മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിളിക്കാത്ത യോഗത്തിലേക്ക് എന്തിനാണ് റവന്യൂ മന്ത്രി പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തിന്റെ കാര്യത്തില്‍ സിപിഐ പ്രതികരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ എത്ര യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമം അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ .ഇതിന് വിരുദ്ധമായി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കോടതിയെ സമീപിക്കുമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചു. സിപിഎം മാത്രമല്ല സര്‍ക്കാരെന്ന് ഓര്‍ക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടികളും മാധ്യമങ്ങളും ആവശ്യപ്പെടുന്നത് അനുസരിച്ചല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടത്. ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തല്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്ന് റവന്യൂ സെക്രട്ടറി പി.എച്ച്.കൂര്യന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മന്ത്രി എം.എം. മണിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിന് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ യോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐയും രംഗത്തു വന്നെങ്കിലും, ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ യോഗം നടത്തുമെന്ന് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു.

Top