ഷംസീര്‍ – റിയാസ് പോരെന്ന് മാധ്യമങ്ങള്‍, ആരോപണത്തിന്റെ മുനയൊടിച്ച് സിപിഎം

ഷംസീര്‍….മുഹമ്മദ് റിയാസ് … സി.പി.എമ്മിന്റെ കരുത്തുറ്റ യുവ മുഖങ്ങളാണിവര്‍. ഇതു പോലെ സി.പി.എം സംഭാവന ചെയ്ത നിരവധി പേര്‍ ഇപ്പോഴും നിയമസഭയിലുണ്ട്. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിന്‍ ദേവ്. ഇക്കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കുത്തക മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും പുതിയ ടാര്‍ഗറ്റ് തിരിച്ചറിഞ്ഞതു കൊണ്ടു മാത്രമാണ്.

ഷംസീറും റിയാസും തമ്മില്‍ കടുത്ത ശത്രുതയാണെന്നും മന്ത്രി പദവി കിട്ടാത്തതിലുള്ള അരിശമാണ് ഷംസീര്‍ തീര്‍ക്കുന്നത് എന്നുമാണ് ഇപ്പോഴത്തെ പ്രചരണങ്ങള്‍. റിയാസിന് അര്‍ഹതപ്പെടാത്ത മന്ത്രി പദവിയാണ് ലഭിച്ചതെന്ന വിമര്‍ശനവും ഒരു വിഭാഗം മനപൂര്‍വ്വം പടച്ചു വിടുന്നുണ്ട്. ഈ പ്രചരണം നടത്തുന്നവരെല്ലാം തന്നെ ചെങ്കൊടിയുടെ പ്രഖ്യാപിത ശത്രുക്കളാണ്. റിയാസിനെ കുറിച്ചും ഷംസീറിനെ കുറിച്ചും ഒരു ചുക്കും അറിയാത്തവരാണിവര്‍. നാളെ മന്ത്രിയാകാം എന്നു കരുതി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരല്ല ഇവര്‍ രണ്ടു പേരും ത്യാഗ നിര്‍ഭയമായ പോരാട്ടങ്ങളിലൂടെയാണ് ഷംസീറും റിയാസും ഉയര്‍ന്ന് വന്നിരിക്കുന്നത്.

എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒരേ കാലഘട്ടത്തില്‍ നേതൃനിരയില്‍ വന്ന ഈ ക്ഷുഭിത യൗവ്വനങ്ങള്‍ വാങ്ങിക്കൂട്ടിയ അടികള്‍ക്കും ഒരു കണക്കുമില്ല.. വലതുപക്ഷ സര്‍ക്കാറുകളുടെ പൊലീസിന്റെ മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെയും ക്രൂര മര്‍ദ്ദനത്തിനും ഈ കമ്യൂണിസ്റ്റുകള്‍ ഇരയായിട്ടുണ്ട്. ഇരുവര്‍ക്കും മേല്‍ ചുമത്തപ്പെട്ട കേസുകളും അനവധിയാണ്. ഒരു പഞ്ചായത്ത് അംഗം പോലും ആകാതെയാണ് ഈ കൊടിയ മര്‍ദ്ദനങ്ങളെല്ലാം ഷംസീറും റിയാസും ഏറ്റുവാങ്ങിയിരുന്നത്.

ഷംസീറിനെയും റിയാസിനെയും എം.എല്‍.എമാര്‍ ആക്കിയതും സി.പി.എമ്മാണ്. അതാകട്ടെ അവര്‍ ആഗ്രഹിച്ചിട്ടോ, താല്‍പ്പര്യപ്പെട്ടിട്ടോ അല്ല. ‘പാര്‍ട്ടി ആവശ്യപ്പെട്ടു, ഇരുവരും അനുസരിച്ചു” എന്നതാണ് യാഥാര്‍ത്ഥ്യം. അതുപോലെ തന്നെ, മന്ത്രിമാര്‍ ആരൊക്കെ വേണമെന്ന് തീരുമാനിച്ചതും, റിയാസും, ഷംസീറും ഉള്‍പ്പെടുന്ന സി.പി.എം സംസ്ഥാന കമ്മറ്റിയാണ്.അതാണ് ആ പാര്‍ട്ടിയുടെ ഒരുരീതി. മന്ത്രിമാരെ തീരുമാനിക്കുമ്പോള്‍ പല കാര്യങ്ങളും സി.പി.എം പരിഗണിക്കാറുണ്ട്. റിയാസ് മന്ത്രിയായത്, കോഴിക്കോട് പോലുള്ള ഒരു ജില്ലയില്‍ നിന്നും സി.പി.എമ്മിന് മന്ത്രിയുണ്ടാകണമെന്ന തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ്. ന്യുനപക്ഷ പ്രാതിനിത്യം ഉറപ്പ് വരുത്തേണ്ടതും സി.പി.എമ്മിന്റെ കടമയാണ്. ഇത് രണ്ടുമാണ് റിയാസിന്റെ മന്ത്രി പദവിയിലൂടെ നടപ്പാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ മന്ത്രിയായവരെ പരിഗണിക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ടി.പി രാമകൃഷ്ണന്‍, എം.എം മണി, കടകംപള്ളി സുരേന്ദ്രന്‍, ശൈലജ ടീച്ചര്‍ എന്നിവരെ പരിഗണിക്കാതിരുന്നിരുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ എടുത്ത ഈ തീരുമാനം തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനു പുറമെ എം.വി ഗോവിന്ദന്‍മാഷും മന്ത്രിസഭയിലുണ്ട്. മൂന്നാമതൊരു മന്ത്രി സ്ഥാനം കണ്ണൂരിന് കൊടുക്കുന്നതിനു പകരം കോഴിക്കോട് നിന്നും പാര്‍ട്ടിക്ക് ഒരു മന്ത്രി ഉണ്ടാകണമെന്ന് സി.പി.എം ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ്? ഒരിക്കലും അഹമ്മദ് ദേവര്‍ കോവിലിനെയും വി. അബ്ദുറഹ് മാനെയും സി.പി.എമ്മിന്റെ മന്ത്രിമാരായി കാണാന്‍ സാധിക്കുകയില്ല. അഹമ്മദ് ഐ.എന്‍.എല്ലിന്റെ മന്ത്രിയാണ്. വി. അബ്ദുറഹിമാനാകട്ടെ മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയുമാണ്. ഇടതുപക്ഷ സ്വതന്ത്രനായാണ് അബ്ദുറഹിമാന്‍ മത്സരിച്ചിരിക്കുന്നത്. ഷംസീര്‍ ഉള്‍പ്പെടെ മന്ത്രിമാരാകാന്‍ യോഗ്യരായ വലിയ ഒരു നിരതന്നെ നിയമസഭയില്‍ സി.പി.എമ്മിനുണ്ട്. ഇവരാരും തന്നെ ഊഴം കാത്തിരിക്കുന്നവരല്ല തങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ചുമതലപ്പെട്ടവരാണ്.

തങ്ങളുടെ നിലപാടുകള്‍ പാര്‍ട്ടി ഘടകത്തിലും ബന്ധപ്പെട്ട മറ്റു വേദികളിലുമാണ് സി.പി.എം ജനപ്രതിനിധികളും പറയുക. ഒടുവില്‍ അന്തിമ തീരുമാനം എടുക്കുന്നതും പാര്‍ട്ടിയാണ്. ആ തീരുമാനം എന്തായാലും റിയാസ് ആയാലും ഷംസീറായാലും കടകംപള്ളിയും സുമേഷും ആയാല്‍ പോലും അംഗീകരിച്ചിരിക്കും. അതാണ് സി.പി.എമ്മിലെ രീതി. പാര്‍ട്ടി നിലപാടിന് അപ്പുറം ഒരു നിലപാട് മുഖ്യമന്ത്രി ഉള്‍പ്പെടെ ആര്‍ക്കും തന്നെ എടുക്കാന്‍ സാധ്യമല്ല. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കെതിരെ വരെ നടപടി എടുത്ത പാര്‍ട്ടിയാണിത്. കമ്യൂണിസ്റ്റു പാര്‍ട്ടികളെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇത്തരം പ്രത്യേകതകളാണ്. സെമി കേഡറാകാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഉള്ള പ്രവര്‍ത്തനം പോലും സ്തംഭിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ യഥാര്‍ത്ഥ കേഡര്‍പാര്‍ട്ടിയായ സി.പി.എമ്മില്‍ ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ മരുമകനായതു കൊണ്ടാണ് റിയാസിന് മന്ത്രി പദം കിട്ടിയതെന്ന് ആക്ഷേപിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് റിയാസ് ആരായിരുന്നു എന്നതും ഓര്‍ക്കുന്നത് നല്ലതായിരിക്കും. കണ്ണൂര്‍ എസ്പിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ച ഒരു പിതാവിന്റെ മകനാണ് റിയാസ് ബീക്കണ്‍ ലൈറ്റ് വച്ച വാഹനത്തില്‍ യാത്ര ചെയ്ത് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ബാല്യം. ഒരു പൊലീസ് കമ്മീഷണറുടെ മകന്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുക പൊലീസുമായി ഏറ്റുമുട്ടുക എന്നതൊക്കെ സിനിമയില്‍ പോലും മലയാളികള്‍ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഇതെല്ലാം റിയാസിലൂടെ ഈ നാട് പലവട്ടം കണ്ടിട്ടുള്ളതാണ്. ഗോഡ് ഫാദര്‍മാര്‍ പ്രമോട്ട് ചെയ്തിട്ടല്ല യൂണിറ്റ് തലംമുതല്‍ പ്രവര്‍ത്തിച്ചു തന്നെയാണ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വരെ ആയിരിക്കുന്നത്. ഈ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ മന്ത്രിയാകാതിരുന്നാല്‍ യഥാര്‍ത്ഥത്തില്‍ അതായിരുന്നു അസ്വാഭാവികത ആയി മാറുമായിരുന്നത്.

ആദ്യമായി നിയമസഭയില്‍ എത്തിയ റിയാസിന് മന്ത്രി പദവി നല്‍കിയതില്‍ അസ്വാഭാവികത കാണുന്നവര്‍ കാണാതെ പോകുന്നതും ഈ യാഥാര്‍ത്ഥ്യങ്ങളാണ്. ഇക്കൂട്ടര്‍ സൗകര്യ പൂര്‍വ്വം മറന്നിരിക്കുന്നത് സി.പി.എമ്മിന്റെ മുന്‍ കാല ചരിത്രം കൂടിയാണ്. 1996ല്‍ ചെറുപ്രായത്തില്‍ തന്നെ കെ.രാധാകൃഷ്ണനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയ പാര്‍ട്ടിയാണ് സി.പി.എം. ഇപ്പോഴത്തെ പിണറായി മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയാണെന്നതും പ്രതിപക്ഷവും സോഷ്യല്‍ മീഡിയകളിലെ കമ്യൂണിസ്റ്റ് വിരുദ്ധരും മറന്നു പോകരുത്. ജാതി മത സമവാക്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്നെ ഒരു ജാതി മത ശക്തികള്‍ക്ക് മുന്നിലും കീഴടങ്ങിയ ചരിത്രവും ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി.പി.എമ്മിനില്ല. പാണക്കാട്ട് നിന്നും കണിച്ചിക്കുളങ്ങരയില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും എല്ലാം ലിസ്റ്റ് വാങ്ങി മന്ത്രിമാരെ സൃഷ്ടിച്ച ചരിത്രം വലതുപക്ഷത്തിന് മാത്രം അവകാശപ്പെട്ടതാണ്. പിണറായി സര്‍ക്കാറിന്റെ കാലത്ത് ഈ അധികാര കേന്ദ്രങ്ങളെല്ലാം അപ്രസക്തരാണ്.സി.പി.എം ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ് ആരൊക്കെ മന്ത്രിമാരാകണമെന്നത്. ഇവിടെ വ്യക്തിയല്ല പാര്‍ട്ടി തന്നെയാണ് ഘടകം. മന്ത്രിമാരെ തിരഞ്ഞെടുത്ത സി.പി.എം സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങളാണ് മുഹമ്മദ് റിയാസും ഷംസീറും.

വിമര്‍ശനം മാത്രമല്ല സ്വയം വിമര്‍ശനവും പാര്‍ട്ടി ഘടകത്തില്‍ പ്രകടിപ്പിക്കുന്നതാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. അതായത് സീതാറാം യച്ചൂരി മുതല്‍ മുഖ്യമന്ത്രി പിണറായിയെ വരെ ഏത് സാധാരണ അംഗത്തിനെയും വിമര്‍ശിക്കാം എത് തീരുമാനത്തിനെതിരെയും നിലപാട് വ്യക്തമാക്കുകയും ചെയ്യാം. അതു പക്ഷേ ബന്ധപ്പെട്ട പാര്‍ട്ടി വേദികളില്‍ ആവണമെന്നു മാത്രം. ആ സ്വാതന്ത്ര്യം ആരെങ്കിലും വിനയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് പാര്‍ട്ടി നല്‍കുന്ന അവകാശമാണ്. എന്നാല്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് തിരുത്തേണ്ടതും നിലപാട് വ്യക്തമാക്കേണ്ടതും സി.പി.എമ്മിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയ രാഘവനും ഇപ്പോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടി മന്ത്രി മുഹമ്മദ് റിയാസും നല്‍കിയിട്ടുണ്ട്. ഈ നിലപാട് തന്നെയാണ് ഷംസീറും സുമേഷും കടകംപളളിയും ഉള്‍പ്പെടെയുള്ള മറ്റു സി.പി.എം എം.എല്‍.എമാരും പിന്തുടരുക. മറിച്ചൊരു സംഭവം ഈ വാര്‍ത്തകള്‍ സൃഷ്ടിച്ച കേന്ദ്രങ്ങള്‍ക്കും ഇനി ചൂണ്ടിക്കാട്ടാന്‍ കഴിയുകയില്ല.

അഴിമതി രഹിത ഭരണമാണ് മന്ത്രി മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റേത് മികച്ച തുടക്കമാണെന്ന് പറഞ്ഞത് പ്രതിപക്ഷ അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.കെ രമ, മാത്യു കുഴല്‍നാടന്‍ എന്നിവരാണ്. റിയാസ് പി ആര്‍ ‘എക്‌സസൈസ് ‘ ആണ് നടത്തുന്നതെന്ന് പറയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രതിപക്ഷത്തെ ഈ എം.എല്‍.എമാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും പി.ആര്‍ എക്‌സസൈസിന്റെ ഭാഗമായിരുന്നോ എന്നതിനും മറുപടി പറയേണ്ടതുണ്ട്. നല്ലത് ആര് ചെയ്താലും അതിനെ അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. അതല്ലാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് അഴിമതിക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവുകയില്ല.

പൊതുമരാമത്ത് വകുപ്പില്‍ നല്ല കരാറുകാരും അതു പോലെ തന്നെ അഴിമതിക്കാരും ഉണ്ട്. മന്ത്രിയായിരിക്കെ ജി.സുധാകരന്‍ തന്നെ പലവട്ടം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്. ഇക്കാര്യം തന്നെയാണ് റിയാസും പറഞ്ഞിരിക്കുന്നത്. എം.എല്‍.എമാരെ തെറ്റിധരിപ്പിച്ച് ഏതെങ്കിലും കരാറുകാര്‍ കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആ ‘കുഴിയില്‍ ‘ എം.എല്‍.എമാര്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത കൂടി ലക്ഷ്യമിട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഴിമതി കേസില്‍ അടുത്ത കാലത്ത് എം.എല്‍.എമാരുള്‍പ്പെടെ അറസ്റ്റിലായ സാഹചര്യവും ഈ ഘട്ടത്തില്‍ നാം മറന്നു പോകരുത്. ഇതൊന്നും വിലയിരുത്താതെ മന്ത്രി ലക്ഷ്യമിട്ടത് ഷംസീറിനെ ആണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്?

ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞ കാര്യം എങ്ങനെയാണ് ഷംസീറിനുള്ള മറുപടിയാകുക? എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രനും സുമേഷും ഷംസീറിന്റെ വാദത്തെ പിന്തുണച്ച് മന്ത്രിയെ വിമര്‍ശിച്ചു എന്നതിന് എന്ത് തെളിവാണ് മാധ്യമങ്ങള്‍ക്ക് ഹാജരാക്കാനുള്ളത്? മന്ത്രിയുടെ പ്രതികരണത്തെ നിയമ സഭയില്‍ എതിര്‍ക്കാത്ത പ്രതിപക്ഷ അംഗങ്ങള്‍ ഇപ്പോള്‍ എതിര്‍ക്കുന്നതു തന്നെ കേവലം രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ്.

സി.പി.എം നിയമസഭാ കക്ഷി യോഗത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ നിറം പിടിപ്പിച്ച മറ്റൊരു നുണക്കഥയായി മാത്രമേ ഇപ്പോഴത്തെ വിവാദങ്ങളെയും വിലയിരുത്താന്‍ കഴിയുകയൊള്ളൂ. പ്രതിപക്ഷത്തെ സംബന്ധിച്ചും ഒരു വിഭാഗം മാധ്യമങ്ങളെ സംബന്ധിച്ചും അവരുടെ കണ്ണുകളിലെ പ്രധാന കരടുകളാണ് റിയാസും ഷംസീറും. ഈ ലിസ്റ്റിലുള്ള മറ്റൊരു യുവ നേതാവ് എം.സ്വരാജാണ്. ഇവരുടെ നാവുകളെ എതിരാളികള്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്. അത് രാഷ്ട്രീയ കേരളം പല തവണ കണ്ടിട്ടുള്ളതുമാണ്. ഈ പക കൂടി മനസ്സില്‍ വച്ചാണ് ഇപ്പോള്‍ റിയാസിനെയും ഷംസീറിനെയും വേട്ടയാടാനും ശ്രമിക്കുന്നത്. പകയുടെ രാഷ്ട്രീയമാണിത്. അത് പറയാതെ വയ്യ …

EXPRESS KERALA VIEW

Top