തിരുവനന്തപുരം: ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും, ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തെറ്റായ ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ, ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള തരത്തിലുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
ചില കാര്യങ്ങളില്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ തടസം നേരിടുന്നുണ്ട്. അത് നിയമപരമായി മറ്റ് ചില ഏജന്‍സികള്‍ ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ കൃത്യമായി നേരിടാന്‍ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയാണുള്ളത്. ഉള്ള അധികാരം ഉപയോഗിച്ച് ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നാം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താല്‍ ആ തെറ്റിനും തെറ്റുകാരനും സിപിഐ എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടി അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തുണയ്ക്കില്ല. അതാണ് ദീര്‍ഘകാലമായി പാര്‍ട്ടിയുടെ നിലപാട്. അക്കാര്യത്തില്‍ ആശങ്ക വേണ്ട.
എല്ലാ ഫേസ്ബുക്ക് പോസ്റ്റുകളുടെയും പിന്നാലെ സിപിഎമ്മിന് പോകാന്‍ കഴിയില്ല. പാര്‍ട്ടിയുടെതല്ലാത്ത പോസ്റ്റ് അത്തരത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തില്‍ പ്രതികരിക്കേണ്ടി വന്നത്. ഇവരൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളോ, പാര്‍ട്ടി ചുമതലപെടുത്തിയിട്ടുള്ളവരോ അല്ല.തോന്നുന്നത് വിളിച്ചു പറയുകയാണവര്‍. ഇതിലൊന്നിനും സിപിഎമ്മിന് ഇടപെടാന്‍ കഴിയില്ല.
പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപരമാണ്. ഇപ്പോഴത്തെതല്ലാത്ത പ്രതിപക്ഷ നേതാവ് നേരത്തെ എന്തെല്ലാം പറഞ്ഞു. എന്നിട്ട് എവിടെ എത്തി അത്തരം കാര്യങ്ങള്‍. എവിടെയെങ്കിലും എത്തിക്കാന്‍ കഴിഞ്ഞോ? സര്‍ക്കാരിന് എന്തെങ്കിവും വീഴ്ച ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.