പ്രോക്‌സി വോട്ടിനെ എതിര്‍ത്ത് സിപിഐഎം രംഗത്ത്

ന്യൂഡല്‍ഹി: പ്രോക്‌സി വോട്ടിനെ എതിര്‍ത്ത് സിപിഐഎം രംഗത്ത്. പ്രവാസി വോട്ട് നാട്ടിലെ പകരക്കാരന് ചെയ്യാനുള്ള കീഴ് വഴക്കമാണ് സിപിഐഎം എതിര്‍ക്കുന്നത്.

പ്രാക്‌സി വോട്ട് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു.പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്.

പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

Top