ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമായിരിക്കെ നിര്‍ണായക സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് ഉണ്ടാകും.
മന്തി വി. ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ സുപ്രിംകോടതി വിധിയോടെ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഉണ്ടാകും. കേരളത്തിലെ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് പിബി യോഗത്തിന്റെ മുഖ്യ അജണ്ട.
അടുത്തമാസം ആറിന് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കേണ്ട, തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പിബി തയ്യാറാക്കും. പെഗസിസ് വിവാദം, കര്‍ഷക പ്രക്ഷോഭം, മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യനീക്കം എന്നിവയാണ് പിബിക്ക് മുന്നിലുള്ള മറ്റു അജണ്ടകള്‍.