കണ്ണൂര്‍: കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്രാപിക്കുമെന്ന് സിപിഎം മുഖപത്രത്തില്‍ ലേഖനം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനം ദേശാഭിമാനിയാണ് മലയാളത്തിലാക്കി പുനപ്രസിദ്ധീകരിച്ച് കോണ്‍ഗ്രസിന്റെ ശക്തികുറയുന്നതിലെ ആശങ്ക വെളിപ്പെടുത്തിയത്.
ബിജെപിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം സിപിഎം പൊളിറ്റ്ബ്യൂറോ തള്ളിക്കളഞ്ഞ ദിവസം തന്നെയാണു പാര്‍ട്ടി മുഖപത്രം ഈ ലേഖനം പ്രസിദ്ധീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ ലേഖനത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ദേശാഭിമാനിയുടെ മൊഴിമാറ്റത്തില്‍ തന്ത്രപരമായി ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് പത്രത്തിലെ പ്രതിവാര പംക്തിയില്‍ രാജ്ദീപ് സര്‍ദേശായി കഴിഞ്ഞ ദിവസം എഴുതിയ ‘ A hardline Hindutva line will not work for the BJP in Kerala, they need a Narayana Guru’ (തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ നടക്കില്ല, കേരളത്തിനു വേണ്ടതൊരു ശ്രീനാരായണഗുരു) എന്ന ലേഖനമാണ് ഇന്നു ദേശാഭിമാനി ‘കേരള ജലാശയം താമര വിരിയാന്‍ പാകമായിട്ടില്ല’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്.
കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ചൂണ്ടിക്കാട്ടി, അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കേരളത്തില്‍ ബിജെപിക്കു വളരാന്‍ കഴിയാതെ പോയതു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നാണു ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോത്ഥാനനായകരുടെ സാന്നിധ്യവും മതരാഷ്ട്രീയത്തിനു തടയിട്ടതായും ലേഖനം വിശദീകരിക്കുന്നുണ്ട്.
കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു പറഞ്ഞാണു ലേഖനം അവസാനിക്കുന്നത്.
‘മുസ്‌ലിം യുവാക്കള്‍ തീവ്രവല്‍ക്കരിക്കപ്പെട്ടാല്‍, രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ചുറുചുറുക്കും കെട്ടുറപ്പുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടര്‍ന്നാല്‍, ബിജെപിക്കു കേരളത്തില്‍ ഭാവിയുണ്ട് ‘- രാജ്ദീപ് ലേഖനത്തിനൊടുവില്‍ പറയുന്നു.
അതിനു പാര്‍ട്ടി പത്രത്തിന്റെ മൊഴിമാറ്റം ഇപ്രകാരമാണ്: ‘ഇതിനര്‍ഥം കേരളത്തില്‍ ബിജെപിക്കു വളരാനേ കഴിയില്ല എന്നല്ല. രാഷ്ട്രീയ ഇസ്‌ലാം, മുസ്‌ലിം യുവാക്കളെ മതമൗലികവാദത്തിലേക്കു നയിക്കുകയും രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യുന്ന പക്ഷം ബിജെപിക്കു സംസ്ഥാനത്തു ഭാവിയുണ്ട്’.