തിരുവനന്തപുരം : ഭരണത്തിന്റെ തണലിലിരുന്ന് സിപിഎം അണികളെ ‘പിടിക്കാനുള്ള’ സിപിഐ നീക്കത്തിന് തടയിടാന്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ രംഗത്തിറങ്ങുന്നു.
കൊച്ചിയില്‍ ഉദയം പേരൂരില്‍ പാര്‍ട്ടി മുന്‍ ഭാരവാഹികളടക്കം അനവധിപേര്‍ സിപിഐയിലേക്ക് ചേക്കറുകയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘തെറ്റ് തിരുത്തല്‍ ‘ നടപടികളുമായി സിപിഎം പ്രതിരോധം തീര്‍ക്കുന്നത്.
കാസര്‍ഗോഡ് ബേഡകത്ത് സിപിഐയിലേക്ക് പോവാന്‍ തീരുമാനിച്ച വിമതരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് അനുരഞ്ജന ചര്‍ച്ച നടത്തിയത്.ഇവിടെ സിപിഐയുടെ ലയന സമ്മേളനം പൊളിഞ്ഞിരിക്കുകയാണ്.
ഇതിന് സമാനമായി മറ്റ് ജില്ലകളില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാറിനില്‍ക്കുന്നവരുമായി ജില്ല-സംസ്ഥാന നേതാക്കളെ ഇടപെടുവിച്ച് അനുരഞ്ജന ചര്‍ച്ച നടത്താനാണ് സിപിഎം തീരുമാനം.
ബദ്ധവൈരികളായ ആര്‍എസ്എസ് പോലുമല്ല, മറിച്ച് ഒപ്പമുള്ള സിപിഐ ആണ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത് എന്നത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.
സിപിഐ ഈ ഏര്‍പ്പാട് തുടരുകയാണെങ്കില്‍ സിപിഐക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ സിപിഎം നേതൃത്വം മനസ് വച്ചാല്‍ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക് ഒഴുകുമെന്ന് മുന്നറിയിപ്പ് നേതൃത്വം നല്‍കിയിട്ടുണ്ട്.
എറണാകുളത്തെ ലയന സമ്മേളനത്തിനെതിരെ സിപിഎം ജില്ലാ കമ്മറ്റി തന്നെ രൂക്ഷമായാണ് വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നത്.
ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ്, തുടങ്ങിയ നിരവധി ജില്ലകളില്‍ ഉദയം പേരൂരിന് സമാനമായ ലയന സമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലാണ് സിപിഐ നേതൃത്വം.
ആര്‍എസ്എസിലേക്ക് പോവാതിരിക്കാനാണ് വിമത വിഭാഗത്തെ സ്വാഗതം ചെയ്യുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ ന്യായീകരണം.
എന്നാല്‍ പ്രത്യേയശാസ്ത്രപരമായി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് അനുഭാവിക്ക് ആര്‍എസ്എസിനോട് സഹകരിക്കാന്‍ പറ്റില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒരു തരത്തിലുമുള്ള ആശങ്കയും ഇല്ലെന്നും മറിച്ച്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐയാണ് മുന്നണി മര്യാദകള്‍ ലംഘിച്ച് പെരുമാറുന്നതെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.
അച്ചടക്ക നടപടിക്ക് വിധേയരായവരും വിവിധ കാരണങ്ങളാല്‍ നിര്‍ജ്ജീവമായി നില്‍ക്കുന്നവരുമായ പാര്‍ട്ടി അനുഭാവികളുടെ യോഗം വിളിച്ച് കൂടെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഗുരുതരമായ അച്ചടക്ക നടപടിക്ക് വിധേയരായവരെ പക്ഷേ തുടര്‍ന്നും സഹകരിപ്പിക്കില്ല.
അത്തരക്കാര്‍ വളരെ കുറച്ച് പേരെ ഒള്ളുവെന്നതിനാലും ഇവര്‍ക്ക് ഇളവ് നല്‍കിയാല്‍ അത് പാര്‍ട്ടിയുടെ അച്ചടക്കത്തെ തന്നെ ബാധിക്കുമെന്നതിനാലുമാണിത്.
സിപിഐയാകട്ടെ മന്ത്രിസഭയില്‍ ഇപ്പോള്‍ 4 മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറുമുള്ള സാഹചര്യത്തില്‍ ഭരണപരമായി ലഭിക്കുന്ന ‘ ആനുകൂല്യ’ങ്ങള്‍ മുതലാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നോക്കുന്നത്.
ഏറെ കാലത്തിന് ശേഷം ഇത്തവണ നിയമസഭയില്‍ 19 അംഗങ്ങളെ ലഭിച്ചത് സിപിഐയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരെയും മറ്റ് ജനവിഭാഗങ്ങളെയും ആകര്‍ഷിച്ച് പാര്‍ട്ടി ശക്തിപെടുത്തേണ്ടതിന് പകരം സ്വന്തം മുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ അണികളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നീക്കം നടത്തുന്നത് തുടര്‍ന്നാല്‍ അത് മുന്നണി ബന്ധങ്ങളെ പോലും ബാധിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
സിപിഐയുടെ വിലപേശലിനും ഭീഷണിക്കും കടിഞ്ഞാണ്‍ ഇടുന്നതിനുവേണ്ടി കൂടിയാണ് സിപിഎം നേതൃത്വം മാണിയെ ‘ റിസര്‍വ്വില്‍ ‘ നിര്‍ത്തിയിട്ടുള്ളതെന്നും ലീഗിന് പച്ചക്കൊടി കാട്ടിയതെന്നുപോലുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.