തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണാവശ്യത്തിനുള്ള നെല്ല് തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൃഷി ചെയ്‌തെടുക്കും.
ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഭക്ഷണത്തിന് ആവശ്യത്തിനുള്ളവ സ്വയം ഉത്പാദിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.
ഇതിന്റെ ആദ്യ പടിയായി ജൈവ നെല്‍ കൃഷി തുടങ്ങിക്കഴിഞ്ഞു, പൂത്തൂര്‍ തുളിയാംകുന്ന് പാടത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.
സംയോജിത കൃഷി വ്യാപിപ്പിക്കാന്‍ സി പി എം മുന്‍കൈയെടുക്കുമെന്ന് ഉദ്ഘാടന വേളയില്‍ കോടിയേരി പറഞ്ഞു.
നാല് ഏക്കര്‍ പാടത്ത് നാല്‍പ്പത് പറയുടെ കൃഷിയാണ് ഇറക്കുന്നത്. നൂറ്റിപ്പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് മുന്നൂറ്റിയന്‍പത് കിലോ നെല്ല് വിളവെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.
ഒപ്പം ജൈവ പച്ചക്കറിയും മത്സ്യ കൃഷിയും നടത്തും. സംസ്ഥാന സമ്മേളനത്തില്‍ സംയോജിത കൃഷിയുടെ വ്യാപനത്തിനായി ചര്‍ച്ചകള്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു.
ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സി.പി.എം സംസ്ഥാന സമ്മേളനം.