കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. മറൈന്‍ഡ്രൈവില്‍ രാവിലെ 9.30 ന് ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തും. പ്രതിനിധി സമ്മേളനം 10.30ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 420 സമ്മേളന പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 520 പേര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.
ബുധനാഴ്ച രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ. കൂടാതെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും.