തിരുവനന്തപുരം: മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഡ്രൈവറെ മര്‍ദിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് സ്‌നിഗ്ധ മര്‍ദ്ദിച്ചത്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. ഈ കേസില്‍ തെളിവുകളില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. വിജിലന്‍സ് മേധാവിയായിരുന്ന സുധേഷ് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്.
രണ്ടു വര്‍ഷം മുമ്പാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് എസ്പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കി. പക്ഷേ കുറ്റം കോടതിയില്‍ സമര്‍പ്പിക്കുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാര്‍സ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയില്‍ നല്‍കാന്‍ നടപടിയായത്.പരിക്കേറ്റ ഗവാസ്കർ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി സ്‌നിഗ്ധയും നല്‍കി. ഇതില്‍ ഗവാസ്‌കര്‍ക്കെതിരെ കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറി. സമര്‍ദ്ദം ചെലുത്തി ഗവനാസ്‌കറിനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള പല ശ്രമങ്ങളും പിന്നാലെ നടന്നു. എന്നാല്‍, പരാതി പിന്‍വലിക്കാതെ കുറ്റപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2019ലാണ് സംഭവം നടന്നത്. കനകക്കുന്നില്‍ പ്രഭാത സവാരിക്ക് എത്തിയപ്പോള്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. സുധേഷ് കുമാറിന്റെ കുടുംബത്തില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് പരാതി പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു മര്‍ദ്ദനമെന്നായിരുന്നു ഗവാസ്‌കര്‍ പൊലീസിന് നല്‍കിയ പരാതി. സംസ്ഥാന പൊലീസിലെ ദാസ്യവൃത്തിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളിലേക്ക് ഈ സംഭവം വഴിവച്ചു.